ലോട്ടറി തട്ടിൽ വൈദ്യുതി കടത്തിവിട്ട് വിൽപനക്കാരിയെ കൊലപ്പെടുത്താൻ ശ്രമം
text_fieldsശാസ്താകോട്ട: ലോട്ടറി വിൽപന സ്റ്റാളിലെ ഇരുമ്പ് തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് വിൽപനക്കാരിയായ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം. ശൂരനാട് വടക്കാണ് ഞെട്ടിക്കുന്ന സംഭവം.
ചക്കുവള്ളി പുതിയകാവ് റോഡിൽ കെ.സി.ബി ജങ്ഷന് സമീപമുള്ള പാൽ സൊൈസറ്റിയുടെ അടുത്ത് ഇരുമ്പ് തട്ടിൽ ലോട്ടറി വിൽപന നടത്തുന്ന സ്ത്രീയെ ലക്ഷ്യമിട്ടാണ് നീക്കം നടത്തിയതെന്ന് കരുതുന്നു. ഇവർ ദിവസവും വൈകീട്ട് ലോട്ടറി വിൽപന കഴിഞ്ഞാൽ തട്ട് എടുത്ത് സമീപത്തുള്ള സൊസൈറ്റിയിൽ വച്ചിട്ടാണ് പോവുക. ഇന്ന് രാവിലെ ഇവരെ സഹായിക്കാൻ ശരമിച്ച സഹോദരിയുടെ മകൻ ലോട്ടറി തട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു.
തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് വയർ ഉപയോഗിച്ച് നേരിട്ട് കണക്ഷനെടുത്ത് ലോട്ടറി തട്ടുമായി ബന്ധിപ്പിച്ച നിലയിൽ കണ്ടത്. വിവരം ശൂരനാട് കെ.എസ്.ഇ.ബി ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സംഭവത്തെകുറിച്ച് പൊലീസ് എത്തി അന്വേഷണം നടത്തി.
ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലാണ് ക്രൂരകൃത്യം പ്ലാൻ ചെയ്തതെന്ന് സംശയിക്കുന്നതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ പറഞ്ഞു. മറ്റൊരു കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.