മുസ്‌ലിം ലീഗിനെ വർഗീയ ശക്തിയായി മുദ്രകുത്താനുള്ള ശ്രമം അപലപനീയം -ചെന്നിത്തല
text_fieldsആലുവ: മുസ്‌ലിം ലീഗിനെ വർഗീയ ശക്തിയായി മുദ്രകുത്താനുള്ള ശ്രമം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നും മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. ലീഗിന്‍റെ ശക്തി കണ്ട് ഭയന്നിട്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നത്. ഇടക്കിടക്ക് മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ടൊന്നും ലീഗോ യു.ഡി.എഫോ ക്ഷീണിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.റെയിൽ കേരളത്തിലെ ജനങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 1,25,000 കോടി രൂപയുടെ പദ്ധതി കേരളത്തിന് താങ്ങാനാകില്ല. നേരത്തെ യു.ഡി.എഫ് കൊണ്ടുവന്ന ഹൈസ്പീഡ് റെയിൽവേ നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും പാരിസ്‌ഥിതിക ആഘാതമുണ്ടാകുമായിരുന്നില്ല. കെ.റെയിൽ പദ്ധതിക്ക് പരിസ്‌ഥിതി ആഘാത പഠനമോ സാമൂഹിക ആഘാതപഠനമോ നടത്തിയിട്ടില്ല. നിർബന്ധ ബുദ്ധിയോടെ നടപ്പിലാക്കാനുള്ള ശ്രമമാണ്. ഇത് യഥാർത്ഥത്തിൽ റിയൽ എസ്‌റ്റേറ്റ് കച്ചവടമാണ്.
കല്ലിടുന്നത് വായ്പയെടുക്കാൻ മാത്രമാണ്. പദ്ധതി ഉടനെ നടപ്പാക്കാനൊന്നുമല്ല. ഇതിന്‍റെ കാൽഭാഗം തുകകൊണ്ട് യു.ഡി.എഫ് കൊണ്ടുവന്ന ഹൈസ്പീഡ് റെയിൽവേ നിലവിലെ റെയിൽവേ ലൈനിനോട് ചേർന്ന് നടപ്പിലാക്കാൻ കഴിയുമായിരുന്നു. ചരടുകളുള്ള വായ്പയാണിത്. ഭൂമി പണയം വച്ച് വായ്പയെടുക്കാനാണ് നീക്കം. കൺസട്ടൻറ് കമ്പനിയെ പല രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളതാണ്. 1,25,000 കോടി രൂപയുടെ അഞ്ച് ശതമാനമാണ് അവരുടെ കമീഷൻ. കൺസൾട്ടൻസി കമ്പനിക്കായി ആഗോള ടെണ്ടർ വിളിക്കാതെ ഇഷ്‌ടക്കാർക്ക് നൽകുകയായിരുന്നു. ഇതെല്ലാം ഗുരുതരമായ അഴിമതിയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.