എൻ.എസ്.എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടതുപക്ഷവും എൻ.എസ്.എസും പരസ്പരം ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.എസ്.എസ് എക്കാലവും സമദൂരം അല്ലെങ്കിൽ ശരിദൂരം എന്ന നിലപാടാണ് സ്വീകരിക്കാറ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.
എൻ.എസ്.എസിനെതിരെ പിണറായി എന്ന നിലക്കാണ് ഇന്നലെ വാർത്തകൾ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് എൻ.എസ്.എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. മൂന്ന് ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്. ഇപ്പോൾ ചോദ്യങ്ങളുടെ കാലമാണല്ലോ.
മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി അവധിയാക്കാത്തതിനെതിരെയാണ് ഒരു ചോദ്യം. ഇത് സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിച്ചതാണ്. നിയമപരമായ തടസമാണ് മുന്നിലുള്ളത്. 15 ദിവസത്തിൽ കൂടുതൽ അവധി നൽകാൻ സർക്കാറിന് സാധിക്കില്ല.
മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല എന്നതാണ് അടുത്ത ചോദ്യം. രാജ്യത്താദ്യമായി മുന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം പ്രാവർത്തികമാക്കിയത് എൽ.ഡി.എഫ് സർക്കാറാണ്. പരമദരിദ്രരായ മുന്നാക്കക്കാർക്ക് സംവരണം വേണമെന്നുള്ളത് നേരത്തെയുള്ള നിലപാടാണ്. നവംബറിൽ മുന്നാക്ക സംവരണം നടപ്പാക്കി ഉത്തരവായി. സമുദായങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്. ഉടൻ പ്രസിദ്ധീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിനോട് എൻ.എസ്.എസ് ആവശ്യപ്പെട്ടത് മൂന്ന് കാര്യമാണെന്നും ഈ മൂന്ന് ആവശ്യത്തിലും എന്ത് രാഷ്ട്രീയമാണുള്ളതെന്ന് എൻ.എസ്.എസിനെ വിമർശിക്കുന്നവർ വ്യക്തമാക്കണമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.