മുഖ്യമന്ത്രി ഇരുന്ന വേദിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമം; മുൻ നേവി ഉദ്യോഗസ്ഥൻ പിടിയിൽ
text_fieldsകാട്ടാക്കട: മുഖ്യമന്ത്രി പിണറായി വിജയന് ഇരുന്ന വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മുൻ നേവി ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 53 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന യോഗം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നതിനിടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ പ്രസംഗം തുടങ്ങിയതിന് ശേഷമാണ് പുറകിൽനിന്ന ഇയാൾ സ്റ്റേജിന്റെ മുന്നിലേക്കെത്തിയത്.
ഇക്കഴിഞ്ഞ ആറിന് മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിന്റെ പകർപ്പും കൈയിലുണ്ടായിരുന്നു. കാട്ടാക്കട കാനക്കോട് ക്രിസ്തുരാജ ഭവനിൽ മിനികുമാർ (54) ഇപ്പോൾ ധനുവച്ചപുരം മഞ്ചവിളാകം 'ആശിർവാദ'ത്തിലാണ് താമസം. ഭാര്യയും രണ്ട് മക്കളുമുണ്ട്. നേവി ഉദ്യോഗസ്ഥനായ ഇയാൾ പത്ത് വർഷങ്ങൾക്ക് മുമ്പ് വിരമിച്ചശേഷം വി.എസ്.എസ്.സിയിൽ പാചകക്കാരനായി ജോലിചെയ്യുകയാണ്. കഴിഞ്ഞ കുറെവർഷങ്ങളായി മനോരോഗത്തിന് ചികിത്സയിലാണെന്ന് കാട്ടാക്കട പൊലീസ് പറയുന്നു. പൊലീസ് പിടികൂടിയതറിഞ്ഞെത്തിയ ഭാര്യ ഇയാളുടെ ചികിത്സ രേഖകൾ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.