ഇ.പി ജയരാജനെതിരായ വധശ്രമക്കേസ്: മൊഴി നൽകാൻ വരാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
text_fieldsതിരുവനന്തപുരം: ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദും നവീൻ കുമാറുമാണ് മൊഴി നൽകാൻ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ്.എച്ച്.ഒയെ അറിയിച്ചത്.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന് ജാമ്യം നൽകുമ്പോൾ കോടതി നിർദേശിച്ചിരുന്നു. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്നാണ് വിശദീകരണം. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഹാജരാകാനായിരുന്നു നോട്ടീസ്. വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. ഇ.പി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താൻ വിളിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ.പി ജയരാജനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇൻഡിഗോ എയർലൈൻസ് ജയരാജന് മൂന്നാഴ്ചത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെയും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.