കാലിക്കറ്റിൽ പരീക്ഷ അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന്: കർശന നടപടിക്കൊരുങ്ങി സർവകലാശാല
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കോവിഡ് കാലത്ത് നടത്തുന്ന പരീക്ഷകൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സിൻഡിക്കേറ്റ് യോഗത്തിൽ അഭിപ്രായം. സർവകലാശാലക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന കൂട്ടായ്മക്കെതിരെയും നേതൃത്വം നൽകുന്നവർക്കെതിരെയും ക്രിമിനൽ നടപടിയടക്കം ഉറപ്പാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
അട്ടിമറിക്ക് ഒരു സംഘം പ്രവർത്തിക്കുന്നുവെന്നാണ് സിൻഡിക്കേറ്റ് യോഗത്തിൻ്റെ നിഗമനം. കൃത്യമായ ആസൂത്രണത്തോടെ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങളും സമ്മർദതന്ത്രങ്ങളും നടത്തുന്നതിന് പിന്നിലുള്ളവരെ കണ്ടെത്തും. പൊലീസിന് പരാതി നൽകും. സർക്കാറിൻ്റെ ശ്രദ്ധയിലും പെടുത്തും. കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ അന്വേഷിക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെടും.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെയും വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിനെയുമടക്കമുള്ള ഉന്നതരെ ഫോണിൽ വിളിച്ച് സംഭാഷണം റെക്കോഡ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്ക് ഗ്രൂപ്പിലും പ്രചരിപ്പിച്ചിരുന്നു. വൈസ് ചാൻസലറെ പരിഹസിക്കുന്ന രീതിയിൽ വിദ്യാർഥികൾ സംസാരിച്ചെന്നും ആരോപണമുണ്ട്.
കോഴിക്കോട് എ.ഡബ്ല്യു.എച്ച് സ്പെഷൽ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിക്ക് കോവിഡ് ബാധിച്ചെന്ന വിവരത്തെക്കുറിച്ചും അന്വേഷിക്കും. കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കൂട്ടം കൂടി നിന്നവരിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരേക്കാൾ കൂടുതൽ പേരുണ്ടെന്നാണ് സിൻഡിക്കേറ്റിൻ്റെ വിലയിരുത്തൽ.
സർവകലാശാല കാംപസിനകത്ത് പൊലീസ് സ്റ്റേഷനും ഫയർ സ്‌റ്റേഷനും സ്ഥാപിക്കാൻ 50 സെൻറ് വീതം വിട്ടു നൽകുന്നതിൻറെ കരട് ധാരണ പത്രം യോഗം അംഗീകരിച്ചു. ഗവേഷകയുടെ പരാതിയിൽ ബോട്ടണി പഠനവകുപ്പിലെ അധ്യാപിക ഷാമിനക്കെതിരായ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടും. സസ്പെൻഷനിലുള്ള ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയർ സാജിദിന് കുറ്റാരോപണ മെമ്മോ കൊടുക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.