വിഴിഞ്ഞത്ത് കലാപത്തിന് ശ്രമം, കർശ നടപടി വേണം -സി.പി.എം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവമുള്ളതും അപലപനീയവുമാണ്. കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുന്നു.
ഇവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കുകയും വേണം. കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിഴിഞ്ഞം തുറമുഖം. മത്സ്യത്തൊഴിലാളി മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഉയർന്നുവന്ന ആശങ്കകളെല്ലാം ചർച്ചകളിലൂടെ പരിഹരിച്ചിരുന്നു. സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സർക്കാർ നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സമരരംഗത്തുള്ള ചെറുവിഭാഗമായും ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ചില സ്ഥാപിത താൽപര്യങ്ങളാണ് ഇതിനു തടസ്സമായിനിന്നതെന്നും സി.പി.എം സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.
പ്രശ്നമുണ്ടാക്കാൻ ആസൂത്രിത ശ്രമം -രാജീവ്
കൊച്ചി: വിഴിഞ്ഞത്ത് പ്രശ്നം ഉണ്ടാക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി. രാജീവ്. സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ തുറമുഖം പണി നിർത്തണമെന്നത് ഒഴിച്ച് എല്ലാം അംഗീകരിച്ചതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്ധതിക്കുവേണ്ടി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ല. എല്ലാ പ്രശ്നത്തിലും ശരിയായ സമീപനമാണ് സർക്കാറന്റേത്. തുറന്ന മനസ്സോടെയാണ് സമീപിച്ചത്. അവസാനഘട്ടത്തിൽ പദ്ധതി നിർത്തിവെക്കാൻ കഴിയില്ല.
മുഖ്യമന്ത്രി ചർച്ചക്ക് തയാറാകണമെന്ന് സർവകക്ഷി യോഗത്തിൽ കോൺഗ്രസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും ഒളിച്ചോടുന്ന സമീപനം ശരിയല്ലെന്നും സമരക്കാരുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയാറാകണമെന്നും കോൺഗ്രസും ബി.ജെ.പിയും സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച അതിരൂപത പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയാറായിരുന്നെങ്കിലും അതിരൂപത അധികൃതർ എത്താത്തതിനാൽ ചർച്ച മാറ്റിവെക്കുകയായിരുന്നുവെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആറുതവണയിലേറെ ചര്‍ച്ചകള്‍ നടത്തി. ഇനിയും സമരക്കാരെ കേള്‍ക്കാന്‍ തയാറാണ്. പക്ഷേ, പദ്ധതി നിർത്തിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കലാപകാരികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഹൈകോടതി വിധി നടപ്പാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സ്ഥലം എം.എൽ.എ എം. വിൻസന്റിനെതിരെയും ശക്തമായ വിമർശം യോഗത്തിൽ ഉയർന്നു. എം.എ.എൽ ഒരുവിഭാഗത്തിന്റെ മാത്രം ആളായി പ്രവർത്തിക്കുന്നെന്ന് ഹിന്ദു ഐക്യവേദിയും എൻ.എസ്.എസും എൻ.ഡി.എ നേതാക്കളും ആരോപിച്ചു. ഇതിനു മറുപടിയുമായി വിൻസന്റ് എത്തിയതോടെ തർക്കം രൂക്ഷമായി. മന്ത്രി ഇടപെട്ടതോടെയാണ് തർക്കം അവസാനിച്ചത്.
പദ്ധതി തടയുന്ന നടപടികളിൽനിന്ന് പിന്മാറണം -ഇ.പി. ജയരാജൻ
തിരുവനന്തപുരം: കേരള വികസനത്തിന് സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളിൽനിന്ന് സമരക്കാർ അടിയന്തരമായി പിന്മാറണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതിൽ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ഇവിടെ ഉയർന്ന പരാതികൾ പരിശോധിച്ച് ന്യായമായവയെല്ലാം സർക്കാർ പരിഹരിച്ചിട്ടുണ്ട്.
സര്‍ക്കാറിനും പങ്ക് -ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: പൊലീസ് സ്റ്റേഷന് ആക്രമണം പോലുള്ള സംഭവങ്ങളിലേക്ക് വിഴിഞ്ഞം സമരം എത്തിയത് അപലപനീയവും ആശങ്കയുണര്‍ത്തുന്നതുമാണെന്നും സമരക്കാരെ നിയന്ത്രിക്കുന്നതില്‍ പുരോഹിതര്‍ പരാജയപ്പെടരുതായിരുന്നുവെന്നും ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടനും ജനറല്‍ സെക്രട്ടറി ജോസഫ് വെളിവിലും അഭിപ്രായപ്പെട്ടു.
ഭരണകൂടംതന്നെ സമരക്കാരെ നിര്‍ബന്ധിത അക്രമത്തിനിറക്കുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കാളികളായപ്പോള്‍ ബാഹ്യശക്തികളും മാവോവാദികളുമാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേരളം മറന്നിട്ടില്ല.
ഇപ്പോള്‍ പുരോഹിതരും നാട്ടുകാരും സമരരംഗത്ത് സജീവമായപ്പോള്‍ അക്രമസമരത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മെത്രാനെതിരെ കേസെടുക്കുന്നത് യോജിക്കാവുന്ന കാര്യമല്ല.
ക്രമസമാധാനം തകർന്നു -വി. മുരളീധരൻ
ന്യൂഡൽഹി: കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്നും ആഭ്യന്തര വകുപ്പിന് നാഥനില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് ഒരു മന്ത്രിതന്നെ പറയുന്നത്. വിഴിഞ്ഞം സംഘര്‍ഷസമയത്ത് സംസ്ഥാന സര്‍ക്കാര്‍ മാളത്തിലൊളിച്ചു. കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. അത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും കലക്ടർതലത്തിലുള്ള ഇടപെടൽ മാത്രമാണുണ്ടായത് - മുരളീധരൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് അംഗീകരിക്കാനാവില്ല -കെ.സി.ബി.സി
കൊച്ചി: വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി).
തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങളെ പഠിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളെ ന്യായീകരിക്കാനാവില്ല.
സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപത അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോക്കും സഹായമെത്രാന്‍ ആര്. ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്ദേശ്യപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്നം പരിഹരിക്കാന്തക്കവിധം പ്രതികരിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.