ടി.പി വധക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന്; കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമയുടെ അപ്പീൽ
text_fieldsനാദാപുരം (കോഴിക്കോട്): ടി.പി. വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരായ ഹരജികൾ അടുത്ത മാസം അഞ്ചിന് പരിഗണിക്കുന്ന സാഹചര്യത്തിൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. കേസിൽ വിചാരണ കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ അപ്പീൽ നൽകി.
സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. ശ്രീധരൻ ആരോഗ്യകാരണങ്ങളാൽ തുടരാനാകില്ലെന്ന് അറിയിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പകരം പ്രോസിക്യൂട്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. മുതിർന്ന സുപ്രീംകോടതി അഭിഭാഷകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ രംഗത്തെത്തി.
കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വർധിക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്. പ്രതികൾക്കായി വിചാരണ കോടതിയിൽ വാദിച്ച കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഇപ്പോൾ അഡ്വക്കറ്റ് ജനറലാണ്. ഇദ്ദേഹം സ്ഥാനത്ത് തുടരുമ്പോൾ നടക്കുന്ന വിചാരണ നടപടികൾ പ്രഹസനമാകുമെന്നും ഇവർ ആരോപിക്കുന്നു.
അപ്പീൽ പോയതോടെ കേസിെൻറ നടത്തിപ്പിൽ സർക്കാർ പിറകോട്ടുപോകാനാണ് സാധ്യത. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയെന്ന കുറ്റം ചുമത്തപ്പെടുകയും പിന്നീട് വിചാരണ കോടതി വെറുതെ വിടുകയും ചെയ്ത കെ.കെ. രാഗേഷ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
കേസിലെ പ്രതിയായിരുന്ന പി. മോഹനൻ കോഴിക്കോട് ജില്ല സെക്രട്ടറിയാണ്. വിചാരണ കോടതി വെറുതെവിട്ട ഇവരെ ശിക്ഷിക്കണമെന്ന ആവശ്യം കെ.കെ. രമയുടെ അപ്പീലിൽ ഉണ്ട്. കേസിൽ 11 പേരെയാണ് പ്രത്യേക വിചാരണ കോടതി ശിക്ഷിച്ചത്. 2012 മേയ് നാലിനാണ് വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.