കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മതിൽ പൊളിച്ച് സി.പി.എം ഓഫിസിലേക്കുള്ള വഴിയുടെ വീതി കൂട്ടാനുള്ള ശ്രമം തടഞ്ഞു
text_fieldsനെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മതിൽ പൊളിച്ച് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേക്കുള്ള വഴിയുടെ വീതി കൂട്ടാൻ ശ്രമം; കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
ഡിപ്പോയുടെ മതിൽ പൊളിച്ച് വഴിയുടെ വീതി കൂട്ടി റോഡ് നിർമിക്കാൻ നടത്തിയ ശ്രമമാണ് കോൺഗ്രസ് പ്രവർത്തകരുടെയും കൗൺസിലർമാരുടെയും എതിർപ്പിനെ തുടർന്ന് തൽക്കാലം നിർത്തിവെച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും ഡി.ടി.ഒയെ കണ്ട് പരാതി പറയാനെത്തി.
ഈ സമയം ഡി.ടി.ഒ ഓഫിസിൽ ഇല്ലായിരുന്നു. കോൺഗ്രസ് പ്രവർത്തകരെയും കൗൺസിലർമാരെയും ഡി.ടി.ഒയെ കാണാൻ അനുവദിക്കാതെ ഒരു വിഭാഗം കെ.എസ്.ആർ.ടി.സി ജീവനക്കാർ തടഞ്ഞു. ഇത് ഇരുകൂട്ടരും തമ്മിലുള്ള വാക്കുതർക്കത്തിനും ഉന്തിനുംതള്ളിനും ഇടയാക്കി. ഇതിനിടെ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരൻ നഗരസഭ കൗൺസിലർ എൻ. ഫാത്തിമയെ പിടിച്ചുതള്ളുകയും ചെയ്തു.
നിലത്തുവീണ് പരിക്കേറ്റ ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയിന്മേൽ പൊലീസ് ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. അതേസമയംതന്നെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിച്ചു എന്ന് കാട്ടി സ്റ്റേഷൻ മാസ്റ്ററുടെ ചുമതല വഹിക്കുന്ന അനിൽ കുമാറും പൊലീസിൽ പരാതി നൽകി. ഇരുവരുടെയും പരാതിയിന്മേൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
തീരുമാനം മന്ത്രിയുടെ നേതൃത്വത്തിലെടുത്തത്
നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മതിൽ പൊളിക്കാനുള്ള തീരുമാനം മന്ത്രി ജി. ആർ. അനിലിന്റെ നേതൃത്വത്തിൽ നവംബറിൽ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിലെടുത്തത്. ഡിപ്പോയുടെ കിഴക്കു ഭാഗത്തെ പമ്പിനോട് ചേർന്ന് പൊളിഞ്ഞുകിടക്കുന്ന മതിൽ, റോഡിന് വീതി കൂട്ടുന്നതിനാൽ പമ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ പൊളിച്ച് ഒരടി ഉള്ളിലേക്ക് മാറ്റി കെട്ടാൻ നഗരസഭ അനുവദിക്കുന്നതിന് തീരുമാനിച്ചിരുന്നു.
കെ.എസ്.ആർ.ടി.സി വിട്ടുനൽകുന്ന ഒരടി വീതിക്കുള്ള വസ്തുവിന് പകരമായി നിലവിൽ പൊളിഞ്ഞു കിടക്കുന്നതും, ഇതിലേക്കായി പൊളിച്ച് മാറ്റുന്നതുമായ മതിൽ പൂർണമായും മുനിസിപ്പാലിറ്റി നിർമിച്ച് നൽകേണ്ടതാണെന്നും പറഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ നിലവിലെ അതിർത്തിയിൽനിന്ന് ഒരടി മാത്രം വിട്ട് അതിർത്തി നിർണയിച്ച് നൽകാനും മതിലിന്റെ നിർമാണ പ്രവർത്തനങ്ങൾ യഥാവിധി വിലയിരുത്തുന്നതിനും സിവിൽ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.