വനിതാ ഡോക്ടറോട് ബലാത്സംഗ ഭീഷണി, കൈയേറ്റ ശ്രമം; പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി പിന്നീട് മുങ്ങി
text_fieldsഗാന്ധിനഗർ (കോട്ടയം): പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ ജൂനിയർ വനിത ഡോക്ടർക്കുനേരെയായിരുന്നു (പി.ജി ഡോക്ടർ) അതിക്രമം. ഡോക്ടർ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞു.
വെള്ളിയാഴ്ച രാത്രി 12.30ഓടെ ഏറ്റുമാനൂർ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച ബിജു പി. ജോണാണ് (25) ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിത ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തത്. ഏറ്റുമാനൂരിലെ തട്ടുകടയിലുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അക്രമാസക്തനായിരുന്ന ഇയാളെ, വനിത ഡോക്ടർ പരിശോധിച്ച ശേഷം നിരീക്ഷണമുറിയിലേക്ക് മാറ്റി. ഇതിനിടെയിലും അക്രമാസക്തനായതോടെ ഇയാളുടെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചു.
ശനിയാഴ്ച പുലർച്ച മറ്റ് രോഗികളെ വീണ്ടും പരിശോധിക്കാൻ ഡോക്ടർ നിരീക്ഷണ മുറിയിലെത്തിയപ്പോൾ ഇയാൾ കടുത്ത ഭാഷയിൽ അസഭ്യം പറഞ്ഞു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ പ്രതി ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് എയ്ഡ് പോസ്റ്റിൽനിന്ന് ഡോക്ടറുടെ പരാതി ഗാന്ധിനഗർ പൊലീസിനു കൈമാറുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ -പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ
ഗാന്ധിനഗർ (കോട്ടയം): പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് കോട്ടയം മെഡിക്കൽ കോളജ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. കസ്റ്റഡിയിൽ എടുക്കുന്നവരെ പൊലീസ് മെഡിക്കൽ കോളജിൽ വിട്ടിട്ട് പോകുന്നത് പതിവാണ്. ഇയാൾ അക്രമാസക്തനാകില്ലെന്ന് ഉറപ്പാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.
വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളൊന്നും നടപ്പായില്ല. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് എന്ന കാര്യത്തിലും തീരുമാനമായില്ല. മിക്കപ്പോഴും രാത്രിയിൽ ഒറ്റക്കാണ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.