സ്വർണക്കവർച്ച ശ്രമം; അർജുൻ ആയങ്കി പ്രതിയെന്ന് എഫ്.ഐ.ആർ; നിമിഷങ്ങൾക്കകം പിൻവലിച്ച് പൊലീസ്
text_fieldsമലപ്പുറം: കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവള പരിസരത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിനെതിരെയും ഗൂഢാലോചനക്കെതിരെയും കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ പ്രതിപ്പട്ടികയിൽ 2021ലെ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതിയായിരുന്ന അർജുൻ ആയങ്കിയും.
ആഗസ്റ്റ് 10ന് അർജുൻ ആയങ്കിയടക്കം ആറു പ്രതികളുടെ പേരിൽ കരിപ്പൂർ പൊലീസ് സ്റ്റേഷൻ ക്രൈം 262 72022 U/s 399,120(B) IPC പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഈ എഫ്.ഐ.ആർ വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു. മാധ്യമങ്ങൾക്ക് നൽകിയ വിവരത്തിലും അർജുൻ ആയങ്കിയെക്കുറിച്ച പരാമർശമില്ല. അർജുൻ ആയങ്കിയെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിൽനിന്ന് പൊലീസ് ഒഴിഞ്ഞുമാറുകയും ചെയ്തു. അതേസമയം, ബുധനാഴ്ച കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ ഉള്ളടക്കത്തിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി പരാമർശങ്ങളുണ്ട്.
പിടികൂടിയ പ്രതികളുടെ മൊഴികളിൽനിന്നും ഫോൺ രേഖകളിൽനിന്നും ഇദ്ദേഹത്തിന്‍റെ പങ്ക് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരിൽ സ്വർണക്കവർച്ചക്ക് എത്തിയ സംഘത്തിന്‍റെയും സ്വർണം കൊണ്ടുവന്ന മഹേഷിന്‍റെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ വാട്സ്ആപ് മുഖേന അർജുൻ ആയങ്കിയുമായും അറസ്റ്റിലായ മൊയ്തീൻ കോയയുമായും നിരന്തരം ബന്ധപ്പെട്ടതായി പറയുന്നുണ്ട്.
സ്വർണമിശ്രിതം കവർച്ച നടത്താനായി മഹേഷ് വിവരങ്ങൾ ചോർത്തിക്കൊടുത്തതായും ഗൂഢാലോചന നടത്തിയതായും എഫ്.ഐ.ആറിലുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊയ്തീൻകോയയുടെ ഫോൺ നമ്പർ ലൊക്കേഷൻ പരിശോധിച്ച് പരപ്പനങ്ങാടിയിൽനിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ഇയാളുടെ മൊഴിയിൽ താനും അർജുൻ ആയങ്കിയും സുഹൃത്തുക്കളാണെന്നും അർജുൻ ആയങ്കിയുടെ നിർദേശപ്രകാരമാണ് മൂന്നുപേരെ എയർപോർട്ടിലേക്ക് അയച്ചതെന്നും ഇക്കാര്യം സ്വർണം കൊണ്ടുവന്ന മഹേഷിന് അറിയാമെന്നും പറയുകയും ചെയ്തു. മഹേഷിന്‍റെ മൊബൈൽ ഫോണിൽനിന്ന് നൗഷാദ് എന്ന പ്രവാസി കൊടുത്തയച്ചതാണ് സ്വർണമെന്ന് വ്യക്തമായിട്ടുണ്ട്.
മഹേഷിന്‍റെ വാട്സ്ആപ്പിൽ കണ്ട തെളിവുകൾ പ്രകാരം അർജുൻ ആയങ്കിയുമായും മറ്റുള്ളവരുമായും ഗൂഢാലോചന നടത്തിയാണ് കവർച്ചശ്രമം നടന്നതെന്നും വ്യക്തമാണ്.
അർജുന്‍റെ കാപ്പ റദ്ദാക്കിയത് ദിവസങ്ങൾക്കുമുമ്പ്
മലപ്പുറം: നേരത്തേ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതിയായിരുന്ന അർജുൻ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ രണ്ടാഴ്ച മുമ്പാണ് റദ്ദാക്കിയത്. 2017നുശേഷം തന്‍റെ പേരിൽ കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലായിരുന്നു അഡ്വൈസറി ബോർഡിന്‍റെ ഉത്തരവ്. 2021ലെ സ്വർണക്കടത്ത് കേസ് കസ്റ്റംസായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ആയങ്കിക്കെതിരെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നത് പ്രാധാന്യമുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.