നഗരമധ്യത്തിലെ കൊലപാതകശ്രമം; ഗുണ്ടസംഘം അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിലെ ബാർ ഹോട്ടലിലെ തർക്കത്തെ തുടർന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. തടമ്പാട്ട്താഴം സ്വദേശി പി.ടി. മഷൂദ് (20), ചാപ്പയിൽ സ്വദേശി കെ.ടി. അറഫാൻ എന്ന പുള്ളി (22) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമീഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് സാഹസികമായി പിടികൂടിയത്.
ബാറിലേയും പരിസരങ്ങളിലെയും സി.സി ടി.വി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾക്കായി സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കരുവിശ്ശേരി, വേങ്ങേരി എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മഷൂദിന്റെ രഹസ്യകേന്ദ്രത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കിൽ വരുകയായിരുന്ന മഷൂദിനെ കക്കുഴിപ്പാലത്തിന് സമീപം പൊലിസ് തടഞ്ഞുവെങ്കിലും പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഊടുവഴികളിലൂടെ ഓടിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി.
ചാപ്പയിൽ സ്വദേശി അറഫാൻ അരീക്കാടുള്ള വാടകവീട്ടിൽനിന്നാണ് പിടിയിലായത്. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതിയെ ടൗൺ ഇൻസ്പെക്ടർ ബിജുപ്രകാശ് അറസ്റ്റ് ചെയ്തു. മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അറഫാനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വാറന്റ് നിലവിലുണ്ട്. കാപ്പ ചുമത്തി ജയിലിലായിരുന്ന അറഫാൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിടിയിലായ മഷൂദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, പി. സജേഷ് കുമാർ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, സി.കെ സുജിത്, ടൗൺ എസ്.ഐ മുഹമ്മദ് സിയാദ്, എ.എസ്.ഐ കെ.ടി മുഹമ്മദ് സബീർ, സീനിയർ സി.പി.ഒമാരായ ജിതേന്ദ്രൻ, അരുൺകുമാർ, വിജീഷ്, ഉല്ലാസ് സൈബർ വിദഗ്ധരായ എസ്.ഐ ഹരിദാസ്, സി.പി.ഒ പി.പി. ദിവ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.