ബന്ധുവായ യുവതിക്കുനേരെ വധശ്രമം; പ്രതിക്ക് ഒമ്പതുവര്‍ഷം തടവ്
text_fieldsകൊല്ലം: ബന്ധുവായ യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒമ്പതുവര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നാം പ്രതി മണ്‍റോതുരുത്ത് വില്ലിമംഗലം ബിനു ഭവനില്‍ ബിനു രാജിനെയാണ് (29) കുറ്റക്കാരനെന്ന് കണ്ട് കൊല്ലം പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പ്രതിയും അയാളുടെ പിതാവായ ദേവരാജനും ചേര്‍ന്ന് ബന്ധുവായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പൊലീസ് കേസ്. രണ്ടാം പ്രതി ദേവരാജന്‍ വിചാരണ നടക്കുന്നതിനിടെ മരിച്ചു.
2014 മേയ് 30 ന് രാവിലെ 8.30 ന് മണ്‍റോതുരുത്ത് കാരൂത്രക്കടവിലെ പഞ്ചായത്ത് കോംപ്ലക്സിലുള്ള പാല് സൊസൈറ്റിക്ക് മുന്നിലായിരുന്നു സംഭവം. മണപ്പുറത്തു വീട്ടില്‍ ഷൈലജയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാല് സൊസൈറ്റിയില്‍ ഹെല്‍പ്പറായിരുന്ന ഷൈലജ പാല്പാത്രം കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്ന സമയം ബിനുരാജും ദേവരാജനും കമ്പിവടിയുമായി ബൂത്തിലേക്ക് ഓടിയെത്തി ആക്രമിക്കുകയായിരുന്നു.
പ്രതികള്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടത് ഷൈലജ നല്‍കാത്തതിലുള്ള വിരോധം കാരണമാണ് ആക്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ്, പി.ബി. സുനില്‍ എന്നിവര്‍ ഹാജരായി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.എസ്. ഗോപകുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ സബ് ഇന്‍സ്പെക്ടറായിരുന്ന വി.വി. അനില്‍കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.