ഹൈകോടതിയുടെ ഓൺലൈൻ സിറ്റിങ്ങിനിടെ ഹാജരായത് ബാത്ത്റൂമിൽ ഷേവ് ചെയ്തുകൊണ്ട്; അന്വേഷണത്തിന് നിർദേശം
text_fieldsകൊച്ചി: ഹൈകോടതിയിൽ ഓൺലൈൻ സിറ്റിങ് പുരോഗമിക്കുന്നതിനിടെ ഒരാൾ ഹാജരായത് ഷേവ് ചെയ്തുകൊണ്ട്. ചൊവ്വാഴ്ച രാവിലെ സിറ്റിങിനിടെയാണ് ബാത്ത് റൂമിൽനിന്ന് ഒരാൾ ഷേവ് ചെയ്തുകൊണ്ട് ഓൺലൈനിൽ പങ്കെടുത്തത്.
ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് അസാധാരണ സംഭവം. ബാത്ത് റൂമിൽ നടന്നുകൊണ്ട് ഷേവ് ചെയ്യുന്നതിനിടെ ഇയാൾ മൊബൈലിലോ ടാബിലോ കോടതി നടപടി വീക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നാൽ, ജഡ്ജി ഇക്കാര്യം അറിഞ്ഞില്ല.
ശേഷം വ്യക്തി ഷേവ് ചെയ്തുകൊണ്ട് ഓൺലൈനിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ പള്ളിക്കേസുകൾ പരിഗണിക്കുന്നതിനിടെ ഒരാൾ ഷർട്ടിടാതെ ഓൺലൈൻ കോടതിയിൽ കയറിയത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതു കോടതിയാണെന്നും സർക്കസോ സിനിമയോ അല്ലെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം.
കോടതി മുറിയിൽ ഹാജരാകുന്നതിന് പാലിക്കേണ്ട നിശ്ചിത മര്യാദകൾ പാലിക്കാതെ കക്ഷികളും കാഴ്ചക്കാരും ഓൺലൈൻ കോടതികളിലെത്തുന്നത് അധികൃതർക്ക് തലവേദനയാകുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈകോടതിയിൽ ഒരു അഭിഭാഷകൻ ഓൺലൈൻ കോടതി നടപടികൾക്കിടെ ഒരു സ്ത്രീയെ ചുംബിച്ചത് വിവാദമായിരുന്നു. അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ മദ്രാസ് ഹൈകോടതി നിർദേശിക്കുകയും ചെയ്തു.
രാജ്യത്തെ വിവിധ കോടതികളിലെ ഓൺലൈൻ നടപടികളിൽ ആളുകൾ ഷർട്ടിടാതെയും കിടക്കയിൽ കിടന്നും ഹാജരാകുന്നത് വിവാദമാകുന്നുണ്ട്. ചിലർക്കെതിരെ ഹൈകോടതികൾ നടപടിയെടുത്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.