ഡ്രൈവർമാരുടെ ശ്രദ്ധക്ക്...
text_fieldsതൊടുപുഴ: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ രാവിലെയും വൈകിട്ടും റോഡിൽ വാഹനങ്ങളുടെ തിരക്ക് കൂടുകയാണ്. കുരുന്നു കുട്ടികളടക്കം വാഹനങ്ങളിലും കാൽനടയായുമൊക്കെ സ്കൂളിലേക്ക് സഞ്ചരിക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കിടയാക്കുമെന്നും റോഡിൽ വാഹനമിറക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു.
സ്കൂള്‍ തുറക്കലിന് മുൻപ് തന്നെ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്കൂള്‍ വാഹനങ്ങളുടെയും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലുമടക്കം വാഹന പരിശോധന തുടരുന്നുണ്ട്.
സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നുണ്ടോ എന്നതടക്കമുള്ള പരിശോധനകൾ നടന്നു വരുന്നുണ്ടെന്നും സ്കൂൾ വാഹനങ്ങളും മറ്റ് വാഹന ഡ്രൈവർമാരും റോഡിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കൾശനമായി പാലിക്കണമെന്നും വകുപ്പ് നിർദേശം നൽകുന്നു.
കുട്ടി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ വീട്ടിലിരുന്നറിയാം
തൊടുപുഴ: സ്കൂൾ ബസ് വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ രക്ഷകർത്താക്കൾക്ക് ആധിയാണ്. പിന്നെ കുട്ടികൾ വീട്ടിലെത്തിയാലേ അത് മാറൂ. എന്നാൽ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് വിദ്യാ വാഹൻ എന്ന ആപ് സജ്ജമാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം.
- രജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
- മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
- ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
- ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിൽ ട്രാക്ക് ചെയ്യാം.
- വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ എം.വി.ഡി/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
- ആപ്പ് ഉപയോഗിച്ച് വാഹനത്തിന്റെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
- വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
സ്കൂൾ ബസുകളിൽ സുരക്ഷിത യാത്രക്ക് നിർദേശങ്ങൾ
കയറുന്നതിനും ഇറങ്ങുന്നതിനും സാധനങ്ങള്‍ എടുത്തുനല്‍കാനും വാഹനത്തിന്റെ പുറകിലൂടെ റോഡ് കുറുകേ കടക്കാനും ചെറിയ കുട്ടികളെ ആയമാർ സഹായിക്കണം. സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവർ വെള്ള ഷർട്ടും കറുപ്പ് പാന്റും തിരിച്ചറിയല്‍ കാർഡും ധരിക്കണം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവർ കാക്കിനിറത്തിലെ യൂണിഫോം ധരിക്കണം.സുസജ്ജമായ പ്രഥമശുശ്രൂഷാ കിറ്റ് എല്ലാ സ്കൂള്‍ വാഹനത്തിലുമുണ്ടെന്ന് സ്കൂള്‍ അധികാരികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികള്‍ കുട്ടികളെ സ്വാധീനിക്കാനിടയുണ്ട്.
അതിനാല്‍ മാതൃകാപരമായിത്തന്നെ വാഹനങ്ങള്‍ ഓടിക്കണം. ദുശ്ശീലങ്ങളുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. ഇവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്നും ഉറപ്പുവരുത്തണം.വാതിലുകളുടെ എണ്ണത്തിനു തുല്യമായ ആയമാർ എല്ലാ സ്കൂള്‍ ബസ്സിലും വേണം. വാതിലുകള്‍ക്ക് പൂട്ടുകളും ജനലുകള്‍ക്ക് ഷട്ടറുകളും വേണം. ജനലുകളില്‍ താഴെ നീളത്തില്‍ കമ്പികള്‍ ഘടിപ്പിച്ചിരിക്കണം. സ്കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. പിറകില്‍ ചൈല്‍ഡ് ലൈൻ (1098), പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, മോട്ടോർവാഹനവകുപ്പ് ഓഫിസ്, സ്കൂള്‍ പ്രിൻസിപ്പല്‍ എന്നിവരുടെ നമ്പറുകളും വേണം. സീറ്റിങ് ശേഷിക്കനുസരിച്ചു മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്തുവെന്നും ഡോർ അടച്ചുവെന്നും ഉറപ്പാക്കിയ ശേഷമേ വാഹനം മുൻപോട്ട് പോകാവൂ.
നടക്കുന്നവരുണ്ട്; അവരെയും കരുതണം
സ്കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട്. അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവർ പൂർണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു.
- കുട്ടികൾ വലത് വശം ചേർന്നാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.
- റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.
- റോഡിൽ നിരന്ന് നടക്കാതെ വരി വരിയായി നടക്കുക.
- കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോൾ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികൾ നമ്മുടെ കയ്യിൽ പിടിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് നാം അവരുടെ കയ്യിൽ പിടിച്ച് നടത്തുന്നത്.
- കൊച്ചു കുട്ടികളാന്നെങ്കിൽ നമ്മുടെ പെരു വിരൽ കുട്ടിക്ക് പിടിക്കാൻ കൊടുക്കുകയും മറ്റ് വിരലുകൾ കൊണ്ട് നാം കുട്ടിയുടെ കൈ ചേർത്ത് പിടിക്കുകയും ചെയ്യുക.
- അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്റ്റ് വാഗ്ദാനം ചെയ്താൽ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.