നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsപറന്നുയരാൻ മോഹം
റോഡ്, കുടിവെള്ളം, ആശുപത്രി വികസനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം വൻകിട പദ്ധതികൾ നാടിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ സജ്ജമാക്കണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. ഭൂരിഭാഗം കർഷകരായുള്ള നാട്ടിൽ കൃഷി ആധുനീകരണത്തിനും സംഭരണത്തിനും ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്താനും പദ്ധതികൾ ആവിഷ്കരിക്കുകയും കർഷകർക്ക് അധികൃതരുടെ പിന്തുണയുണ്ടാവുകയും വേണം. വികസനസാധ്യതകൾ ഏറെയുള്ളതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. എന്നാൽ, തുടക്കത്തിലെ പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുന്നതാണ് പിന്നീട് കണ്ടത്. അതിന് കാരണങ്ങൾ പലതാണ്. പരിഹാരങ്ങളാണ് വേണ്ടത്.
യാത്രാ പ്രശ്നം പ്രധാനം
● മണ്ഡലത്തിനെ ഏറ്റവും അലട്ടുന്നത് യാത്രാപ്രശ്നമാണ്. മിക്ക പഞ്ചായത്തുകളിലും ഗതാഗതപ്രശ്നം രൂക്ഷം
● കണ്ണൂര്‍ വിമാനത്താവളം മട്ടന്നൂര്‍ മണ്ഡലത്തിലാണ്. വിമാനത്താവളവുമായി ബന്ധിപ്പിച്ച് വിവിധ പാതകള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
● വിവിധ റോഡുകളിലൂടെ വിമാനത്താവളത്തിലെത്തുന്ന യാത്രികര്‍ വീര്‍പ്പുമുട്ടുന്നു. മട്ടന്നൂരിലെയും ചെറു ടൗണുകളിലെയും ഗതാഗതക്കുരുക്കും ഇതിനു കാരണമാണ്.
● മിക്ക സ്ഥലത്തും ഓവുചാല്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
● ടൗണിലെ ഓവുചാല്‍ നിർമാണം പാതിവഴിയിലാണ്. റോഡിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് പല സ്ഥലത്തും ഓവുചാലുള്ളത്.
● തലശ്ശേരി-വളവുപാറ റോഡ് ഇനിയും മണ്ഡലത്തിൽ പൂര്‍ണമായിട്ടില്ല.
● ഉള്‍നാടന്‍ മേഖലയിലേക്ക് ബസുകള്‍ ഇല്ലാത്തതും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.
● വേനല്‍ക്കാലത്ത് കുടിവെള്ളപ്രശ്നം. വെളിയമ്പ്ര പഴശ്ശി പദ്ധതിപ്രദേശത്തുനിന്നുള്ള പൈപ്പ് ലൈന്‍ വഴി കുടിവെള്ളമെത്തിക്കുന്ന പദ്ധതി പൂര്‍ത്തിയായിട്ടില്ല.
● കാര്‍ഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ് മണ്ഡലത്തില്‍ ഏറെയും. കർഷകരുടെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണം.
പേരവൂരിനെ പരിഗണിക്കുന്നില്ല
അറുതി വേണം;കാടിറങ്ങുന്ന ഭീതിക്ക്
പേരാവൂർ മണ്ഡലത്തിലെ പ്രധാന പ്രശ്നം വന്യജീവി ശല്യമാണ്. എട്ടു പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് പേരാവൂർ നിയോജക മണ്ഡലം. ഇരിട്ടി നഗരസഭ, പായം പഞ്ചായത്ത് എന്നിവയൊഴിച്ച് മറ്റു പഞ്ചായത്തുകളിലെല്ലാം വന്യമൃഗശല്യം രൂക്ഷം. ഇതിന് പരിഹാരം വേണം. കൊട്ടിയൂർ വനത്തിൽനിന്നും വന്യജീവിസങ്കേതത്തിൽനിന്നും വന്യമൃഗങ്ങളെത്തി നാശം വിതക്കുന്നതാണ് ഭൂരിഭാഗം പ്രദേശങ്ങളും.
ആറളം വന്യജീവി സങ്കേതത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ, അയ്യപ്പൻകാവ് പ്രദേശങ്ങളിലെ അവസ്ഥയും വിഭിന്നമല്ല. വനാതിർത്തികളിൽ പൂർണമായും ആനമതിലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചില്ലെങ്കിൽ ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്. ആറളത്ത് എട്ടു വർഷത്തിനിടെ ആനകൾ ചവിട്ടിമെതിച്ചത് 14 മനുഷ്യജീവനുകൾ.
ടൂറിസം സാധ്യത, പദ്ധതിയില്ല
● വിനോദസഞ്ചാരസാധ്യതയുള്ള പ്രദേശങ്ങൾ ഏറെയുണ്ടെങ്കിലും ഫലപ്രദമായ പദ്ധതികളില്ല.
● പരിസ്ഥിതി വിനോദസഞ്ചാരകേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്രയില്ല.
● കാനനപാതകൾ യാത്രായോഗ്യമല്ല. പാലുകാച്ചി, കൊട്ടിയൂർ പാൽ ചുരം, കണിച്ചാർ-ഏലപ്പീടിക പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കണം.
റോഡുകൾ ദയനീയം
● റോഡുകളുടെ സ്ഥിതി പലയിടങ്ങളിലും അതിശോചനീയമാണ്. കൊട്ടിയൂർ-പാൽ ചുരം പാത തകർന്നടിഞ്ഞ് യാത്ര ദുഷ്കരമായിട്ട് നാളേറെയായി.
● മലയോര ഹൈവേയുടെ ഭാഗമായ മണത്തണ - അമ്പായത്തോട് റോഡ് തകർന്ന ഗർത്തങ്ങളാണ്.
● കേളകം-അടക്കാത്തോട്-ശാന്തിഗിരി പാത കുണ്ടും കുഴികളുമാണ്.
● നിടുംപൊയിൽ-മാനന്തവാടി ചുരം പാതയിലും അറ്റകുറ്റപ്പണി വേണം.
ശോകം ആരോഗ്യരംഗം
● ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളുടെ നില ശോചനീയം. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമുണ്ട്.
● പേരാവൂർ താലൂക്ക് ആശുപത്രിക്ക് കെട്ടിടസമുച്ചയം നിർമിക്കാൻ നടപടി ആരംഭിച്ചെങ്കിലും വ്യവഹാരങ്ങളിൽ കുരുങ്ങി നടപ്പായില്ല.
● കേളകം, കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കൊട്ടിയൂർ, കീഴ്പള്ളി കുടുംബാരോഗ്യകേന്ദ്രം എന്നിവയിൽ വേണ്ടത്ര ഡോക്ടർമാരും അനുബന്ധ സ്റ്റാഫുകളുമില്ല.
നീറുന്ന പ്രശ്നങ്ങൾ
● മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പരിമിതമാണ്. പ്ലസ് ടു സീറ്റുകളും അപര്യാപ്തം.
● ആദിവാസി മേഖലയിൽ പതിറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ചുനൽകിയ വീടുകൾ തകർച്ചാഭീഷണിയിൽ.
● കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ ആദിവാസി കോളനികളിൽ പൊതുശ്മശാനം വേണം.
● മാലിന്യശേഖരണ-സംസ്കരണ പദ്ധതികൾ ഫലപ്രദമായില്ല.
● ദുരന്തബാധിത പ്രദേശങ്ങളുള്ള കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിക്കു സമീപം നാടിന് ഭീഷണിയായ ക്വാറി പ്രവർത്തനം തുടരുന്നു.
● ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പൂളക്കുറ്റിയിലെ പുനരധിവാസ പദ്ധതിയും നഷ്ടപരിഹാരവിതരണവും പ്രഖ്യാപനത്തിലൊതുങ്ങി.
കൂത്തുപറമ്പിന് കരകയറണം
പാനൂർ സി.എച്ച്.സി താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല. നിലവിലെ സേവനം തികച്ചും അപര്യാപ്തം. ആശുപത്രിക്കായി കൂടുതൽ സൗകര്യമുള്ള സ്ഥലം കണ്ടെത്താൻ നടപടിയായില്ല.
● കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കണം.
● പാനൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സിഗ്നൽ സംവിധാനം വെച്ചെങ്കിലും പരിഹാരമായില്ല.
● ലക്ഷംവീട് കോളനികൾ ഉൾപ്പെടെ ശുദ്ധജല ക്ഷാമമുണ്ട്.
● പാനൂർ ഭാഗത്ത് പൊതു കളിക്കളം വേണം
● കിഴക്കൻ ഭാഗത്ത് നിരവധി ഗ്രാമീണ റോഡുകൾ അറ്റകുറ്റപ്പണി നടക്കാതെയുണ്ട്.
● കൂത്തുപറമ്പിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിങ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കണം.
● ചെണ്ടയാട് നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്കിന് ഭൂമി ഏറ്റെടുക്കാനുള്ള തടസ്സങ്ങൾ നീക്കി പദ്ധതി പ്രാവർത്തികമാക്കണം.
● കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളിലെ ജൽജീവൻ മിഷൻ പദ്ധതികൾ ത്വരിതപ്പെടുത്തണം.
● കനകമലയിലും കരിയാട് പ്രഭാവതിക്കുന്നിലും കുടിവെള്ള പദ്ധതിക്കായി ടാങ്കുകൾ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്, പദ്ധതി പൂർത്തിയായിട്ടില്ല.
● പ്രഖ്യാപിക്കപ്പെട്ട പദ്ധതികളായ മൊകേരിയിൽ കൺവെൻഷൻ സെന്റർ, കൂത്തുപറമ്പിൽ ജെൻഡർ കോംപ്ലക്സ്, കിടത്തിച്ചികിത്സയുള്ള ആയുർവേദ ആശുപത്രി, ബസ് ടെർമിനൽ, കെ.ജി. സുബ്രഹ്മണ്യം സ്മാരക ആർട്ട് ഗാലറി, പാട്യത്ത് വാഗ്ഭടാനന്ദ സ്മാരക സാംസ്കാരിക സമുച്ചയം തുടങ്ങിയവ പ്രാവർത്തികമാകണം.
● പെരിങ്ങത്തൂർ ബോട്ടുജെട്ടി-പുല്ലൂക്കര തീരദേശ റോഡ് നിർമാണത്തിന് 50 ലക്ഷം രൂപ ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾക്ക് വേഗം വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.