യാത്രക്കാരുടെ ശ്രദ്ധക്ക്..ആ പെൺകുഞ്ഞ് സുഖമായിരിക്കുന്നു
text_fieldsതൃശൂർ: ബുധനാഴ്ച ഉച്ചക്ക് 12.30ന് തൃശൂരിൽനിന്ന് തൊട്ടിൽപാലത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ നല്ലവരായ യാത്രക്കാരുടെ ശ്രദ്ധക്ക്, നിങ്ങൾ കഴിഞ്ഞ ദിവസം ക്ഷമയോടെ സഹകരിച്ച് ആ ബസിൽ കാത്തിരുന്നത് വെറുതെയായില്ല. ആ പെൺകുഞ്ഞ് ആശുപത്രിയുടെ സുഖപരിചരണത്തിൽ നന്നായിരിക്കുന്നു. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷ് ജേക്കബിന്റെ ഭാര്യ സെറീനയാണ് (37) കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കവേ പെൺകുഞ്ഞിന് ജന്മം നൽകിയത്.
തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന ബസ് തൃശൂർ പേരാമംഗലത്ത് എത്തിയപ്പോൾ സെറീനക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബസ് നേരെ അമല മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. കൂട്ടിന് ആരുമില്ലാതെയാണ് അങ്കമാലിയിലെ സ്വന്തം വീട്ടിൽനിന്ന് സെറീന ഭർതൃവീടായ തിരുനാവായയിലേക്ക് ബസിൽ യാത്ര ചെയ്തിരുന്നത്.
കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ ബസ് ലേബർ റൂമായി മാറുകയായിരുന്നു. സംഭവം വലിയ വാർത്തയായതിനെ തുടർന്ന് വിവിധ കോണുകളിൽനിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഭിനന്ദനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ജീവനക്കാരെ അഭിനന്ദിച്ചിരുന്നു.
കൂടാതെ പെൺകുഞ്ഞിനും അമ്മക്കും മന്ത്രിയുടെ സമ്മാനപ്പൊതിയും അമല ആശുപത്രിയിലെത്തി. തൃശൂർ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അടക്കമുള്ള ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും കണ്ട് സുഖവിവരങ്ങൾ അന്വേഷിച്ചു. സമ്മാനം കൈമാറിയാണ് സംഘം മടങ്ങിയത്. അമല ആശുപത്രി അധികൃതരെയും ഗതാഗത വകുപ്പ് അധികൃതർ അഭിനന്ദിച്ചു.
കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ ഷിജിത്തിന്റെയും കണ്ടക്ടർ സി.പി. അജയന്റെയും സമയോചിത തീരുമാനമാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. ബസ് അമല ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസവം അവസാന ഘട്ടത്തിൽ എത്തിയിരുന്നു. തുടർന്ന് സജ്ജരായിനിന്ന ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘം ബസിൽ കയറി ചികിത്സ നൽകി. ഡോ. ലീനത്ത്, ഡോ. യാസിർ, ഡോ. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് യുവതിക്ക് ചികിത്സയൊരുക്കിയത്.
ജൂൺ എട്ടിന് തിരുനാവായയിലെ ആശുപത്രിയിൽ പ്രസവത്തിന് അഡ്മിറ്റ് ആകാനായാണ് സെറീന അവിടേക്ക് യാത്ര തിരിച്ചത്. സെറീനയുടെ അഞ്ചാമത്തെ പ്രസവമാണിത്. നവജാത ശിശു അടക്കം നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.