പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് കോടതി; മാപ്പപേക്ഷ പെൺകുട്ടി തള്ളി
text_fieldsകൊച്ചി: ആറ്റിങ്ങലിൽ അച്ഛനൊപ്പം പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണക്കിരയായ എട്ടു വയസ്സുകാരി കരഞ്ഞത് ആളുകൾ കൂടിയപ്പോഴാണെന്ന ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ആരെ സംരക്ഷിക്കാനെന്ന് ഹൈകോടതി. പൊലീസ് ഉദ്യോഗസ്ഥ തെറ്റു ചെയ്തെന്ന് സമ്മതിക്കുമ്പോഴും അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്. ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയെന്നാണ് സർക്കാർ പറയുന്നത്.
സ്ഥലംമാറ്റം ശിക്ഷ നടപടിയായി കാണാനാവില്ല. സംഭവത്തിൽ കുട്ടിക്ക് നീതി ലഭിച്ചെന്ന് ഉറപ്പാക്കണം. നമ്പി നാരായണൻ കേസിലെന്ന പോലെ ഈ കേസിലും പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി. പി. രജിതക്കെതിരെ നടപടിയും 50 ലക്ഷം രൂപയുടെ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് പെൺകുട്ടി പിതാവ് മുഖേന നൽകിയ ഹരജിയിലാണ് കോടതി പരാമർശം.
ബുധനാഴ്ച ഹരജി പരിഗണിക്കവെ കുട്ടിയെ കൗൺസലിങ് ചെയ്ത ഡോ. ശ്രീലാലുമായി സിംഗിൾ ബെഞ്ച് വിഡിയോ കോൺഫറൻസിങ് മുഖേന സംസാരിച്ചു. കുട്ടിയുടെ മാനസികാരോഗ്യ നില തൃപ്തികരമാണെന്നും നന്നായി സംസാരിക്കുന്ന ബുദ്ധിയും പക്വതയുമുള്ള കുട്ടിയാണെന്നും ഡോ. ശ്രീലാൽ കോടതിയിൽ അറിയിച്ചു. ആഗസ്റ്റ് 27ന് തുമ്പയിലെ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നു മുക്ക് ജങ്ഷനിലെത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്.
മൊബൈൽ കാണാനില്ലെന്നു പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ചെന്നാണ് പരാതി. ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽനിന്ന് ലഭിച്ചിരുന്നു. ഹൈകോടതി ഇടപെടലിെന തുടർന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പു പറഞ്ഞെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം അറിയിച്ചത്. അനുഭവിച്ച മാനസികാഘാതം വലുതാണെന്നും അധികൃതരിൽനിന്ന് നീതി ലഭിക്കണമെന്നും പെൺകുട്ടിക്ക് വേണ്ടി അഭിഭാഷക വ്യക്തമാക്കി.
തുടർന്നാണ് നഷ്ട പരിഹാരം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. എത്ര തുക നൽകാനാവുമെന്ന് സർക്കാർ അറിയിക്കാൻ നിർദേശിച്ച കോടതി തുടർന്ന് ഹരജി ഡിസംബർ 20ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.