ആറ്റുകാൽ അയ്യപ്പനാചാരി കൊലക്കേസ്; ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി
text_fieldsതിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാചാരിയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി.
മതിയായ തെളിവില്ലാത്തത് കാരണം ഏഴ് പ്രതികളെ വെറുതെ വിട്ടു. ആര്.എസ്.എസ് നഗര്‍ സേവാപ്രമുഖ് ആയിരുന്ന രാജഗോപാല്‍ ആചാരിയുടെ ജ്യേഷ്ഠനായിരുന്നു കൊല്ലപ്പെട്ട അയ്യപ്പനാചാരി. രാജഗോപാലിനും സംഭവത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കമലേശ്വരം ബലവാൻ നഗറിൽ കടച്ചിൽ അനിൽകുമാർ (45-അനി), മണക്കാട് കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സുനിൽകുമാർ(41-ഉപ്പ് സുനി), സുനിയുടെ സഹോദരൻ അനിൽകുമാർ (45-അനിൽ), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടിൽ മനോജ് (38), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ഉണ്ണി (41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സതീഷ് കുമാർ (43-ഗോവർധൻ),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സന്തോഷ് (41 -പ്രദീഷ്), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ തോപ്പുവിളാകം വീട്ടിൽ സന്തോഷ് (42), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ സന്തോഷ് (38-ബീഡി സന്തോഷ്) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നിയമവിരുദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്. ശിക്ഷ 18ന് പറയും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഖില ലാൽ, ദേവിക മധു എന്നിവർ ഹാജരായി.
വിചാരണ 19 വർഷത്തിനുശേഷം
19 പ്രതികളുണ്ടായിരുന്ന കേസിൽ 19 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ കളിപ്പാംകുളം കഞ്ഞിപ്പുര നിവാസികളായ സനോജ്, പ്രകാശ്, സുരേഷ് എന്നിവർ മരിച്ചു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ആറ്റുകാൽ കഞ്ഞിപ്പുര സ്വദേശികളായ പ്രദീപ്, ശ്യാംകുമാർ, സനു എന്ന സനൽകുമാർ, കൊച്ചുമോൻ പ്രദീപ്, കളിപ്പാംകുളം കഞ്ഞിപ്പുരയിൽ രാജേഷ്, കളിപ്പാംകുളം മേടമുക്ക് കാർത്തിക നഗറിൽ ഇടതൻ ബിജു എന്ന വിവേക്, ആറ്റുകാൽ എം.എസ്.കെ നഗർ ലാലു എന്ന വിനോദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാചാരി കൊല്ലപ്പെട്ടത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കളത്തിന് പൂക്കടയില്‍നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപം പൂക്കട നടത്തിയിരുന്ന പൂക്കട രാജേന്ദ്രൻ എന്നയാളിന്റെ കടയില്‍നിന്ന് അയ്യപ്പനാചാരിയുടെ മകന് സതീഷും സുഹൃത്ത് കുതിര സനൽ എന്ന സനലും പൂക്കള്‍ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് രാജേന്ദ്രന്റെ സുഹൃത്ത് കേസിലെ ഒന്നാം പ്രതി കടച്ചില് അനിയുടെ നേതൃത്വത്തിൽ 19 പേർ സംഘം ചേർന്ന് സതീഷിനെ ആക്രമിച്ചു. ആര്.എസ്.എസ് നേതാവ് രാജഗോപാലാചാരിയുടെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ നശിപ്പിച്ചു. രാജഗോപാലാചാരിയേയും സഹോദരപുത്രന്മാരായ സതീഷ്, രാജേഷ് എന്നിവരെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച അയ്യപ്പനാചാരിയെ കുത്തിക്കൊലപ്പെടുത്തി.
കേസിലെ നിര്‍ണായക ദൃക്സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ രാജഗോപാലാചാരിയും, ഭാര്യ സരസ്വതിയും വിചാരണക്ക് മാസങ്ങൾക്ക് മുമ്പ് മരിച്ചു. മറ്റൊരു ദൃക്സാക്ഷിയായ രാജഗോപാലാചാരിയുടെ മകളും സംഭവ സമയം 12 വയസ്സുണ്ടായിരുന്ന പ്രിയയുടെ മൊഴിയാണ് കേസിൽ നിർണായക തെളിവായത്. അയ്യപ്പനാശാരിയുടെ മകൻ സതീഷ്, രാജേഷ് എന്നിവർ കേസിലെ എല്ലാ പ്രതികളെയും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.