പണ്ടാര അടുപ്പിൽ തീ പകർന്നു; ആറ്റുകാൽ പൊങ്കാലക്ക് തുടക്കം VIDEO
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പൽ തീ പകർന്നതോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. കോവിഡ് സാഹചര്യത്തിൽ പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ക്ഷേത്ര വളപ്പിൽ പൊങ്കാലയിടാൻ ഇത്തവണ അനുമതിയില്ലാത്തതിനാൽ ഭക്തര്‍ സ്വന്തം വീടുകളിലാണ് പൊങ്കാല അര്‍പ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം അഗ്നി സഹമേൽശാന്തിക്ക് കൈമാറി. ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പ് സഹമേൽശാന്തി ജ്വലിപ്പിച്ചു.
വൈകീട്ട് 3.40ന് ഉച്ചപൂജക്ക് ശേഷം പൊങ്കാല നിവേദ്യ ചടങ്ങ് നടക്കും. രാത്രി 7.30ന് മണക്കാട് ശാസ്ത ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്തും, 11ന് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ, തട്ടം നിവേദ്യമോ ഉണ്ടാകില്ല. ഞായറാഴ്ച രാത്രി 9.15ന് കാപ്പഴിക്കൽ ചടങ്ങ്. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
തിരുവനന്തപുരം ജില്ലക്ക് അവധി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം ജില്ലക്ക് പ്രാദേശിക അവധി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.