ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം; പണ്ടാര അടുപ്പില്‍ തീ പകർന്നു VIDEO
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഈ സമയം ഭക്തര്‍ വീടുകളിൽ പൊങ്കാല അര്‍പ്പിച്ചു.
വ്യാഴാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. ഈ സമയം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടി. തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്നിപകർന്ന ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ കൊളുത്തി.
വൈകീട്ട് 7.30ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്, രാത്രി 10.30ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് തിരിച്ചെഴുന്നെള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതി തര്‍പ്പണം നടത്തുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.
വീട്ടിൽ പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കേണ്ടവ
കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ്. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. തീയിൽനിന്നും പുകയിൽനിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
- പുറത്ത് നിന്നുള്ളവർ വീടുകളിൽ എത്തുന്നുണ്ടെങ്കിൽ എല്ലാവരും മാസ്ക് ധരിക്കുക
- പ്രായമായവരുമായും മറ്റസുഖമുള്ളവരുമായും അടുത്തിടപഴകരുത്
- പുറത്തുനിന്ന് വരുന്നവർ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഒഴിവാക്കുക
- തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവർ സന്ദർശനങ്ങൾ ഒഴിവാക്കുക
- സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്പർശിക്കരുത്
- ചൂടുകാലമായതിനാൽ തീപിടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം
- സാനിറ്റൈസർ തീയുടെ അടുത്ത് സൂക്ഷിക്കരുത്
- കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്
- കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക
- അലക്ഷ്യമായി വസ്ത്രം ധരിക്കരുത്
- ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം
- അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വെക്കരുത്
- വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്
- തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതിവെക്കണം
- അടുപ്പിൽ തീ അണയുംവരെ ശ്രദ്ധിക്കണം
- ചടങ്ങുകൾ കഴിഞ്ഞ് അടുപ്പിൽ തീ പൂർണമായും അണഞ്ഞു എന്നുറപ്പാക്കണം.
- തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം
- പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
- വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്
- പൊള്ളലേറ്റാൽ അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
ഇന്ന് അവധി
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് കലക്ടർ ഡോ. നവ്ജ്യോത്ഖോസ അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച തിരുവനന്തപുരം നഗരപരിധിയിൽ അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പ്രാദേശിക അവധി ആയതിനാൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.