ആറ്റുകാല്‍ പൊങ്കാല: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് കലക്ടര്‍
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിെൻറ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.
കോവിഡ് പശ്ചാത്തലത്തില്‍ ജില്ല ഭരണകൂടം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ കലക്ടര്‍ നേരിട്ട് വിലയിരുത്തി.
ഈ മാസം 27നാണ് ആറ്റുകാല്‍ പൊങ്കാല. കോവിഡിെൻറ പശ്ചാത്തലത്തില്‍ നിരത്തുവക്കിലും മറ്റ് പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങില്‍ കഴിയുന്നത്രയും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും വേണം. വീടുകളില്‍ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളില്‍ പൊങ്കാലയിട്ടശേഷം ആളുകള്‍ കൂട്ടമായി ക്ഷേത്രദര്‍ശനത്തിന് എത്തുന്നത് ഒഴിവാക്കണം.ക്ഷേത്രത്തില്‍ ദിവസേനയുള്ള ദര്‍ശനത്തിനും മറ്റ് ചടങ്ങുകള്‍ക്കും എത്തുന്ന ഭക്തജനങ്ങള്‍ കൂട്ടംകൂടാതെ ശ്രദ്ധിക്കണമെന്ന് ക്ഷേത്ര ഭരണസമിതിക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസര്‍ നല്‍കുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ക്ഷേത്രപരിസരത്ത് കൂട്ടംകൂടാന്‍ പാടില്ല. പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ക്ഷേത്രപരിസരത്ത് ആറു സെക്ടറല്‍ മജിസ്ട്രേറ്റുമാരെ സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.