ആറ്റുകാല്‍ പൊങ്കാലക്ക് ഇനി രണ്ടുനാള്‍
text_fieldsതിരുവനന്തപുരം: ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കാനുള്ള ഭക്തജനങ്ങളുടെ കാത്തിരിപ്പിന് ഇനി രണ്ടുനാൾ മാത്രം. നഗരത്തില്‍ പേരെഴുതി പൊങ്കാലയടുപ്പുകള്‍ നിരന്നുതുടങ്ങി. പൊങ്കാലക്ക് വേണ്ട കലവും കൊതുമ്പുമൊക്കെ വാങ്ങാനുള്ള തിരക്കാണെങ്ങും. എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30നാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഉച്ചക്ക് 2.30ന് പൊങ്കാല നിവേദ്യം.
ക്ഷേത്രത്തിലേക്ക് വ്യാഴാഴ്ചയും ഭക്തജനങ്ങളുടെ വലിയ തിരക്കായിരുന്നു. ആറാം ഉത്സവമായ വ്യാഴാഴ്ച ചിലമ്പ് മോഷ്ടിച്ചെന്ന കുറ്റം ചുമത്തി പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന ഭാഗമായിരുന്നു തോറ്റംപാട്ടിൽ പാടിയത്. പാട്ടിലെ ശോകം കേൾവിക്കാരിലേക്കും പടർന്നു. ദുഃഖസൂചകമായി വെള്ളിയാഴ്ച വൈകി രാവിലെ ഏഴിനെ നടതുറക്കു. മറ്റ് ദിവസങ്ങളിൽ നാലരക്കാണ് നട തുറക്കുക. മരണവാർത്തയറിഞ്ഞ ദേവി കൈലാസത്തിൽ പോയി ശിവനിൽനിന്ന് വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്ന ഭാഗമാണ് വെള്ളിയാഴ്ച തോറ്റംപാട്ടുകാർ അവതരിപ്പിക്കുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലും പൊങ്കാല ഉത്സവം ആഘോഷമാക്കാനുള്ള ഒരുക്കം പുരോഗമിക്കുന്നു. എല്ലാ കവലകളും ദീപാലംകൃതമായിട്ടുണ്ട്. തമ്പാനൂര്‍ മുതല്‍ നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാലമ്മയുടെ വര്ണചിത്രംവെച്ച് പൂജിക്കാനുള്ള പീഠങ്ങള്‍ ഒരുക്കി. വെള്ളിയാഴ്ച മുതല്‍ മൂന്നുനാള്‍ ഇവക്കുമുന്നില്‍ വിളക്കും പൂക്കളുമര്‍പ്പിച്ച് വണങ്ങുന്നതാണ് ആരാധനാരീതി. പൊങ്കാലക്കു ശേഷം പീഠങ്ങള്‍ ഇളക്കും. വര്‍ണക്കടലാസുകളും തുണിയും ഉപയോഗിച്ച് ക്ഷേത്രമാതൃകയിലാണ് പൂജാപീഠം ഒരുക്കിയത്.
ഇത്തരം പൂജാപീഠങ്ങള്‍ കേന്ദ്രീകരിച്ചാണ് വിവിധ സംഘടനകള്‍ പൊങ്കാലയുടെ ആഘോഷവും ഭക്തര്‍ക്കുവേണ്ട മറ്റ് ക്രമീകരണങ്ങളുമൊരുക്കുന്നത്. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും അവസാനവട്ട സജ്ജീകരണങ്ങളിലാണ്. പരിസരങ്ങളിലെ 25ഓളം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തര്‍ പൊങ്കാലയിടുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
1390 താൽക്കാലിക ടാപ്പുകൾ ഒരുക്കി ജലഅതോറിറ്റി; പരാതികൾക്കും അന്വേഷണങ്ങൾക്കും 1916ൽ 24 മണിക്കൂറും വിളിക്കാം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ജല അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചു. അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തി.
കുടിവെള്ള വിതരണത്തിനായി വെൻഡിങ് പോയന്റുകൾ പി.ടി.പി നഗറിലും വെള്ളയമ്പലത്തും സജ്ജമാക്കിയതിനു പുറമെ, ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താൽക്കാലിക വെൻഡിങ് പോയന്റ് ഒരുക്കി. ആറ്റുകാലിൽ രണ്ടും എം.എസ്.കെ നഗർ, കൊഞ്ചിറവിള കുര്യാത്തി സ്കൂൾ പരിസരം എന്നിവിടങ്ങളിലും ഫയർഹൈഡ്രന്റുകൾ സജ്ജമാക്കി. ശനി, ഞായർ ദിവസങ്ങളിൽ കുടിവെള്ള സംബന്ധമായ മേൽനോട്ടത്തിനും അടിയന്തര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, കരമന, പി.ടി.പി നഗർ, വെള്ളയമ്പലം, കവടിയാർ, പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്സിക്യുട്ടിവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അസി.എൻജിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916-ൽ 24 മണിക്കൂറും വിളിക്കാം.
മില്‍മ ഔട്ട്ലെറ്റുകള് രാത്രി 12 വരെ
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിലെ മില്‍മ ഔട്ടലെറ്റുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. മില്‍മ നേരിട്ട് നടത്തുന്ന അമ്പലത്തറ ഡ്രൈവ് ഇന്‍ പാര്‍ലര്‍, സൗത്ത് ഫോര്‍ട്ട്, പട്ടം, പൂജപ്പുര സ്റ്റാളുകള്‍ അടക്കം ആറ്റുകാലിലെയും പരിസര പ്രദേശങ്ങളിലെയും ഏജന്‍സികളാണ് രാത്രിയും തുറന്നു പ്രവര്‍ത്തിക്കുക. ഏജന്റുമാര്‍ക്ക് അവരുടെ ഔട്ടലെറ്റിലേക്ക് ആവശ്യമായ ഉല്പന്നങ്ങള് എത്തിക്കുന്നതിനായി 9809535350 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് മില്‍മ തിരുവനന്തപുരം ഡെയറി യൂനിറ്റ് ഹെഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.