ആറ്റുകാല്‍ പൊങ്കാല നാളെ; ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാലയിടാം
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല വ്യാഴാഴ്ച നടക്കും. രാവിലെ 10.50 ന് അടുപ്പുവെട്ട് നടക്കും. ഉച്ചക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. കഴിഞ്ഞ വർഷത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം.
കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചാലുടന്‍ ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന് നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും സഹ മേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.
ഉച്ചക്ക് 1.20ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ഭക്തര്‍ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലനെ രാത്രി 7.30ന് ചൂരല്‍കുത്തും. രാത്രി 10.30ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിനുശേഷം 18ന് രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45ന് കാപ്പഴിക്കും. 19ന് പുലർച്ച ഒന്നിന് കുരുതിതര്‍പ്പണത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.
ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നും ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ലെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവർഷം സര്‍ക്കാർ നിർദേശം ഭക്തര്‍ സ്വമേധയാ ഏറ്റെടുത്ത് വീടുകളില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിച്ചത്.
ഇക്കുറിയും പൊതുനിരത്തിലും ക്ഷേത്രപരിസരത്തും പൊങ്കാലയിടാന്‍ സാധിക്കില്ല. 1500 പേര്‍ക്ക് പൊങ്കാല അനുവദിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് അത് ഒഴിവാക്കുകയായിരുന്നു. കുത്തിയോട്ടവും ഒരു ബാലന് മാത്രമായി പണ്ടാര ഓട്ടമാണ് നടത്തുക. പുറത്തെഴുന്നള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകില്ല. താലപ്പൊലിയും വാദ്യമേളങ്ങളും എഴുന്നള്ളത്തിന് അകമ്പടി സേവിക്കുമെങ്കിലും ഹാരം, സാരി ചാര്‍ത്തല്‍, പുഷ്പവൃഷ്ടി എന്നിവ അനുവദിക്കില്ല.
ജില്ല ഭരണകൂടത്തിന്റെ ഉത്തരവ് ജനം പാലിക്കണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബി. അനില്‍കുമാര്‍, സെക്രട്ടറി കെ. ശിശുപാലന് നായര്‍ എന്നിവര്‍ അറിയിച്ചു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമല്ല. ക്ഷേത്രവാതിലില്‍ നഴ്സുമാരുടെ നേതൃത്വത്തില്‍ ഭക്തരെ പ്രാഥമിക പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനക്ക് സൗകര്യമുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് ഇതു നടത്തുന്നതെന്നും ട്രസ്റ്റ് അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, ജില്ല കലക്ടര്‍ നവ്ജ്യോത് ഖോസ എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് തയാറെടുപ്പുകള്‍ വിലയിരുത്തി. ട്രസ്റ്റ് ഭാരവാഹികളായ വി. ശോഭ, എം.എ. അജിത് കുമാര്‍, പി.കെ. കൃഷ്ണന് നായര്‍, ഉത്സവ കണ്‍വീനര്‍മാരായ ആര്.ഐ. ലാല്‍, സി. അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.