'നങ്കൂരങ്ങൾ തകർന്നു, ചുഴലിക്കാറ്റിൽ രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാനായില്ല'; നടുക്കടലിൽ ആടിയുലഞ്ഞ ഓർമകളുമായി അതുൽ
text_fieldsകക്കോടി (കോഴിക്കോട്): നടുക്കടലിൽ ഒന്നരദിവസം കൊടുങ്കാറ്റിലുലഞ്ഞ ഓർമകളുമായി കരുവിശ്ശേരി സ്വദേശി അതുൽ വീട്ടിൽ തിരിച്ചെത്തി. ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈക്കടുത്ത് ആഴക്കടലിൽപെട്ട ടഗ്ഗിൽനിന്ന് ആരുടെയെല്ലാമോ പ്രാർഥനകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കരുവിശ്ശേരി ബാബു ഹൗസിൽ ബാബുവിെൻറ മകൻ 27കാരനായ അതുൽ.
രണ്ടാഴ്ച മുമ്പാണ് തെൻറ സുഹൃത്തിനുവേണ്ടിയുള്ള ജോലി മാറ്റത്തിനായി അവധി കഴിഞ്ഞ് അതുൽ മുംബൈക്ക് പോയത്. ഏഴു ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞശേഷം േജാലിക്കു കയറുകയായിരുന്നു. ഇറ്റാലിയൻ കമ്പനിയുടെ ഗേൽ കൺസ്ട്രക്ടർ ടഗ്ഗിലെ സേഫ്റ്റി ഓഫിസറാണ് അതുൽ.
ചുഴലിക്കാറ്റിനെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ സ്വാഭാവിക മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും ഇത്രമാത്രം അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അതുൽ പറയുന്നു. ചുഴലിക്കാറ്റിൽ ടഗ്ഗിെൻറ ഭാഗം തകർന്നതിനാൽ വെള്ളം കയറുകയായിരുന്നു. ശക്തമായ കാറ്റിൽ നങ്കൂരങ്ങൾ തകർന്നു.
ആടിയുലച്ചിൽ നിൽക്കാതെ തുടർന്നതിനാൽ നങ്കൂരമിടാൻ പോലും കഴിയാതെ ടഗ്ഗ് അനേകം നോട്ടിക്കൽ മൈലുകൾ നിയന്ത്രണങ്ങൾ കിട്ടാതെ ഒഴുകി. അവസാനം നേവിയുടെ കപ്പൽ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
137 ജീവനക്കാരായിരുന്നു ടഗ്ഗിലുണ്ടായിരുന്നത്. നിയന്ത്രണം കിട്ടാതെ കടലിലഞ്ഞ ടഗ്ഗ് ഒന്നിനെയും ഇടിക്കാതിരുന്നത് കൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. 80 നോട്ടിക്കൽ മൈൽ വേഗമുള്ള ചുഴലിക്കാറ്റാണ് നേരിട്ടത്. ജി.പി.എസ് നോക്കി ഓരോ അപകടങ്ങളും ഒഴിവാകുന്നത് അറിഞ്ഞു. ശക്തമായ മഴയിൽ പുറംകാഴ്ചയില്ലാതിരുന്നതിനാൽ രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാനായില്ലെന്നും അതുൽ പറയുന്നു.
പോർട്ടിൽനിന്ന് ടഗ്ഗിലേക്ക് ഒരുമിച്ചുപോയ ആനന്ദ് അപകടത്തിൽപെട്ട ബാർജിലുണ്ടായിരുന്നുവെന്നും അവൻ മരിച്ചത് പിന്നീടാണ് അറിഞ്ഞതെന്നും അതുൽ പറഞ്ഞു. മരിച്ച വയനാട് സ്വദേശി ജോമിഷ് തോമസ് മൂന്നുവർഷമായി അടുത്ത സുഹൃത്തായിരുന്നുവെന്നും തെൻറ സുഹൃത്തുക്കളാണ് മരിച്ചവരിൽ പലരുമെന്നും അതുൽ വേദനയോടെ പങ്കുവെച്ചു. അപകടമൊന്നും കൂടാതെ വീട്ടിലെത്തിയതിെൻറ സന്തോഷത്തിലാണ് മാതാവ് മിനിയും ഭാര്യ അജന്യയും ഒന്നര വയസ്സായ മകൾ ഹെമിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.