തിരൂരിൽ ഓട്ടോ ഡ്രൈവർക്ക് മർദനം; നഗരത്തിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ
text_fieldsതിരൂർ: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കു മർദനമേറ്റതിനു പിന്നാലെ കടയിൽ കയറി അക്രമവും നടന്നതോടെ മണിക്കൂറുകളോളം സംഘാർഷാവസ്ഥ. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ബസ് സ്റ്റാൻഡിന് സമീപം റോഡരികിൽ നിർത്തിയിട്ട ബൈക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഓട്ടോ ഡ്രൈവർക്കും വസ്ത്രക്കടയിലെ ജീവനക്കാർക്കും മർദനമേൽക്കാനിടയാക്കിയത്. ബൈക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വസ്ത്രക്കടയിലെ തൊഴിലാളി ഓട്ടോറിക്ഷ ഡ്രൈവറെ മർദിക്കുകയായിരുന്നു.
ബസ് സ്‌റ്റാൻഡിനു സമീപത്തെ കടയുടെ മുന്നിലെ റോഡരികിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയിൽ നിർത്തിയിട്ട ബൈക്ക് എടുത്തുമാറ്റാൻ ഇതുവഴി വന്ന ഓട്ടോ ഡ്രൈവർ കടയിലെ ജീവനക്കാരനോട് ആവശ്യപ്പെടുകയും ബൈക്ക് മാറ്റിവെച്ചതിനു പിന്നാലെ ഇരുവരും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് കടയിലെ ജീവനക്കാരന്‍റെ മർദനത്തിൽ ഓട്ടോ ഡ്രൈവർ കൂട്ടായി സ്വദേശി ഷിഹാബിന് മൂക്കിനുൾപ്പെടെ പരിക്കേറ്റു. മൂക്കിൽനിന്നും വായയിൽനിന്നും ചോര വാർന്ന നിലയിൽ ഷിഹാബിനെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തെത്തുടർന്ന് ഓട്ടോ തൊഴിലാളികൾ സംഘടിച്ചെത്തി കടക്ക് മുന്നിൽ പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ തിരൂർ പൊലീസുമായി നടത്തിയ ചർച്ചയിൽ അക്രമിച്ച തൊഴിലാളിയെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിൽ കടയുടെ മുന്നിൽനിന്ന് തൊഴിലാളികൾ പിരിഞ്ഞുപോയി. പിന്നാലെ ബസ് സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനവും നഗരത്തിൽ മിന്നൽ പണിമുടക്കും നടത്തി.
അതിനിടെ, ഓട്ടോ ഡ്രൈവറെ മർദിച്ചയാൾ ജോലി ചെയ്യുന്ന കടയിൽ കയറി ഒരു സംഘം ആക്രമണം നടത്തി. മർദനത്തിൽ പരിക്കേറ്റ സ്മയലീസ് ലേഡീസ് കിഡ്സ് വെയർ ഉടമ തിരൂർ മാവുംക്കുന്ന് സ്വദേശി കടവത്ത് ഹസൈനാർ (60), മകൻ ഫവാസ് (32) എന്നിവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മണിക്കൂറുകളോളം നഗരത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് അക്രമം നടന്ന കടക്ക് മുന്നിൽ അകാരണമായി കൂടിനിന്നവരെ വിരട്ടിയോടിച്ചു.
ഇതിനിടെ തിരൂരിൽനിന്ന് വളാഞ്ചേരിയിലേക്ക് പോവുന്ന തോട്ടത്തിൽ ബസിലെ ജീവനക്കാരൻ വളാഞ്ചേരി സ്വദേശി പാറക്കാടൻ ഷരീഫിനെ (41) ഓട്ടോ ഡ്രൈവറാണെന്ന് കരുതി പൊലീസ് അടിച്ചു. പിന്നാലെ ബസ് തൊഴിലാളികളും മിന്നൽ പണിമുടക്കിനൊരുങ്ങിയെങ്കിലും സി.ഐ നേതാക്കളുമായി നടത്തിയ ചർച്ചയിൽ വിഷയം പരിഹരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. കടയിൽ കയറി അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നഗരത്തിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.