എന്‍െറ മകന്‍ ജീവിക്കുന്നത് ആയിരങ്ങളുടെ ഹൃദയത്തിലാണ്
text_fieldsകോഴിക്കോട്: തിരക്കേറിയ റോഡിനു സമീപം താമസിക്കുന്ന വീട്ടില്‍ രാത്രി കിടന്നുറങ്ങുമ്പോള്‍ ജനാല തുറന്നിടാന്‍ ധൈര്യമുള്ളവര്‍ അധികമുണ്ടാവില്ല. എന്നാല്‍, ബൈപാസ് റോഡില്‍ ഇടക്കിടെയുണ്ടാവുന്ന വാഹനാപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാനായി, ഗാഢനിദ്രയിലും ഒരപകടവും നിലവിളിയും കാതോര്‍ത്ത് ജനാല തുറന്നിട്ടു കിടക്കുന്ന ഒരാളുണ്ടായിരുന്നു.
വേങ്ങേരി-പൂളാടിക്കുന്ന് ബൈപാസില്‍ മാളിക്കടവില്‍ താമസിക്കുന്ന മേപ്പക്കുടി നൗഷാദ് എന്ന മനുഷ്യസ്നേഹിയായിരുന്നു അയാള്‍. യൗവനം കത്തിനില്‍ക്കുന്ന കാലത്തും ജീവിച്ച നിമിഷങ്ങളിലേറെയും കരുണാര്‍ദ്രമായ കാര്യങ്ങള്‍ക്കായി, പേരുകൊണ്ടുപോലും പരിചയമില്ലാത്തവന്‍െറ കണ്ണീരൊപ്പാനായി സമര്‍പ്പിച്ച ആ ജീവിതം ഒടുവില്‍ പൊലിഞ്ഞുപോയതും അങ്ങനെ രണ്ടു പേര്‍ക്കുവേണ്ടിയാണ്. കൃത്യം ഒരു വര്‍ഷം മുമ്പത്തെ വ്യാഴാഴ്ച രാവിലെ തന്‍െറ ഓട്ടോറിക്ഷ നിര്‍ത്തി കണ്ടംകുളം ക്രോസ് റോഡിലെ ചായക്കടയില്‍ ചായ കുടിക്കാനത്തെിയപ്പോഴാണ് മാന്‍ഹോളില്‍നിന്നുയര്‍ന്ന രണ്ട് ഇതരസംസ്ഥാനക്കാരുടെ നിലവിളിക്കു മറുപടിയായി നൗഷാദ് ആ ഇരുട്ടിലേക്കിറങ്ങിയത്.
അല്‍പനേരത്തിനകം നിലവിളി മൂന്നു പേരുടേതായി. ഒടുവില്‍ ആ രോദനങ്ങള്‍ എന്നന്നേക്കുമായി അവസാനിച്ചു. വര്‍ഷം ഒന്ന് പിന്നിടുമ്പോഴും ആ സ്നേഹപുത്രനെ ഓര്‍ത്ത് നെഞ്ചുവിങ്ങിക്കരയുന്ന ഒരു ഉമ്മ മാളിക്കടവിലെ പാതയോരത്തെ വീട്ടില്‍ കഴിയുന്നുണ്ട്. മരണത്തിലൂടെ നന്മയുടെയും മാനവികതയുടെയും അനശ്വര നാമമായി മാറിയ മകനെ അഭിമാനത്തോടെ ഓര്‍ക്കുന്ന ഉമ്മ അസ്മാബി. നൗഷാദിനെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മകളുടെ മലവെള്ളപ്പാച്ചില്‍ ഇരച്ചത്തെുകയാണ് അവരില്‍. എല്ലാം നന്മയുടെയും സ്നേഹത്തിന്‍െറയും കഥകളാണ്.
അപകടത്തില്‍പെടുന്നവരെ രക്ഷിക്കാനിറങ്ങുന്നത് മകന് പുതുമയുള്ള കാര്യമായിരുന്നില്ല. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ച സമയത്ത് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മറ്റാരെക്കാളും മുമ്പേ നൗഷാദ് മുന്നിട്ടിറങ്ങിയിരുന്നു. സുഹൃത്തുക്കളോടൊപ്പം കാപ്പാട് ബീച്ചിലിരിക്കെ മുങ്ങിത്താഴുന്ന കുട്ടിയെ രക്ഷിക്കാനും ഈ യുവാവു മാത്രമാണുണ്ടായിരുന്നത്.അന്നത്തെ സംഭവം മിഴിനീരോടെയാണ് അസ്മാബി ഓര്‍ക്കുന്നത്.
മരുമകള്‍ സഫ്രീനയുടെ ബന്ധുവിന്‍െറ നിക്കാഹിന് ജോലിക്കിടെ പങ്കെടുക്കാന്‍ പുതുവസ്ത്രവും കൈയില്‍ കരുതി പോയതായിരുന്നു മകന്‍. ‘ഇന്‍ശാ അല്ലാഹ്, വൈകീട്ട് അങ്ങോട്ടത്തെിക്കോളാം’ എന്നുറപ്പുനല്‍കി ഇറങ്ങിപ്പോയ മകന്‍െറ ചേതനയറ്റ ദേഹമാണ് തിരിച്ചു വീട്ടിലത്തെിയത്. മകന് മരണമില്ളെന്നും മാനവികത വറ്റാത്ത ആയിരങ്ങളുടെ ഹൃദയത്തിലൂടെ അവനെന്നും ജീവിക്കുമെന്നും അസ്മാബി പറയുന്നു.
നൗഷാദിന് ഏറെ പ്രിയപ്പെട്ട തന്‍െറ ഓട്ടോറിക്ഷ അവന്‍െറ ആത്മമിത്രത്തിന് കൈമാറിയിരിക്കുകയാണ് അസ്മാബി. അതു കാണുമ്പോള്‍ മകന്‍െറ നോവുണര്‍ത്തുന്ന സാമീപ്യം അവരുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. മകന്‍െറ വിയോഗശേഷം മരുമകള്‍ സ്വന്തം വീട്ടിലേക്കു മാറിയതോടെ മകള്‍ ഷബ്നക്കും രണ്ടു പേരക്കുട്ടികള്‍ക്കുമൊപ്പം കഴിയുകയാണ് ഈ മാതാവ്, പ്രിയപുത്രന്‍െറ ഓര്‍മകളെ നെഞ്ചോടുചേര്‍ത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.