'ഒരു മാല കിട്ടിയിട്ടുണ്ട്, അടയാളം പറഞ്ഞാൽ തരും'; ഓട്ടോയിൽ പോസ്റ്റർ ഒട്ടിച്ചിട്ടും ആളെത്തിയില്ല, ഒടുവിൽ തിരഞ്ഞ് കണ്ടെത്തി രവീന്ദ്രൻ
text_fieldsവടകര: ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് വടകര ടൗണിലെ ഓട്ടോഡ്രൈവറായ രവീന്ദൻ ഓട്ടോയ്ക്കുള്ളിൽ ഒരു സ്വർണമാല കിടക്കുന്നത് കണ്ടത്. യാത്രക്കാരിലാരുടെയോ സ്വർണം കളഞ്ഞുപോയതാകുമെന്ന് ഉറപ്പ്. 40 വർഷമായി വടകരയിൽ ഓട്ടോ ഓടിക്കുന്ന പാക്കയിൽ വടക്കേതലക്കൽ രവീന്ദ്രന്, യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറണമെന്നല്ലാതെ മറ്റൊരു ചിന്തയും മനസ്സിൽ വന്നില്ല. ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങുമ്പോൾ ഓട്ടോക്ക് പിറകിൽ വലിയൊരു നോട്ടീസ് എഴുതിവെച്ചിരുന്നു ഇദ്ദേഹം -'ഒരു മാല കിട്ടിയിട്ടുണ്ട്, അടയാളം പറഞ്ഞാൽ തരുന്നതായിരിക്കും'.
രാത്രി വരെ ഓടിയിട്ടും നഷ്ടപ്പെട്ട മാല തേടി ആരുമെത്തിയില്ല. പലരോടും അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. രാത്രി വീട്ടിലെത്തിയതിന് ശേഷം, അന്ന് ഓട്ടോയിൽ കയറിയവരെ ഓർത്തെടുത്തുള്ള അന്വേഷണമായി. അങ്ങനെയാണ്, രാവിലെ വടകര മിഡറ്റ് കോളജിലെ വിദ്യാർഥികൾ ഓട്ടോയിൽ കയറിയ കാര്യം ഓർമവന്നത്. പിറ്റേന്ന് രാവിലെ നേരെ കോളജിലെത്തി അന്വേഷിച്ചപ്പോൾ ഡിഗ്രി വിദ്യാർഥിനിയായ ആദിത്യയുടെ മാല കാണാതായതായി വ്യക്തമായി.
(രവീന്ദ്രൻ)
മാല വിദ്യാർഥിനിയുടെത് തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷം കോളജിൽ വെച്ച് കൈമാറുകയായിരുന്നു. സത്യസന്ധതയുടെ മാതൃക കാട്ടിയ രവീന്ദ്രനെ അനുമോദിച്ചാണ് കോളജ് അധികൃതർ യാത്രയാക്കിയത്. അനുമോദന യോഗത്തിൽ മിഡറ്റ് കോളജ് പ്രിൻസിപ്പൽ സുനിൽകുമാർ കോട്ടപ്പള്ളി, മാനേജർ അനിൽ കുമാർ മംഗലാട് എന്നിവർ രവീന്ദ്രന് ഉപഹാരം നൽകി.
(രവീന്ദ്രന് മിഡറ്റ് കോളജിന്‍റെ ഉപഹാരം സമ്മാനിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.