നിരക്കിലെ അവ്യക്തതക്ക് പരിഹാരമാകുന്നില്ല; ഇന്നു മുതൽ ഓട്ടോ മീറ്റർ കർശനം
text_fieldsപാലക്കാട്: ഓട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്യമാക്കിയതുൾപ്പെടെ നടപടി ശനിയാഴ്ച മുതൽ കർശനമാക്കുമ്പോഴും ടാക്സി കാറുകൾ ഓടുന്നത് മീറ്ററുകളില്ലാതെ. 2022 ഏപ്രിൽ 26ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഓട്ടോകളിൽ മാത്രമല്ല, ടാക്സി കാറുകളിൽ ഉൾപ്പെടെ മിനിമം ചാർജുകൾ നിശ്ചയിച്ച് പ്രദർശിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇടക്കാലത്ത് ടാക്സി കാറുകളിൽ മീറ്ററുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ ഒഴിവാക്കപ്പെടുകയായിരുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഓട്ടോ വാടക വ്യത്യസ്തമായതിനാൽ മീറ്റർ നിർബന്ധമാക്കുമ്പോഴും യാത്രക്കാരൻ നൽകേണ്ട അന്തിമ തുക സംബന്ധിച്ച തർക്കത്തിന് പരിഹാരമാകുന്നില്ല. മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ശനിയാഴ്ച മുതൽ എല്ലാ ഓട്ടോകളിലും പതിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദേശം. പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കോർപറേഷനുകളിലും പ്രധാന ടൗണുകളിലുമൊഴികെ മറ്റു സ്ഥലങ്ങളിൽ ഒരു വശത്തേക്കു മാത്രമുള്ള യാത്രകൾക്ക് മിനിമം നിരക്കിനു പുറമെയുള്ള (മീറ്ററിൽ കാണുന്ന സംഖ്യയിൽനിന്ന് മിനിമം നിരക്ക് കഴിച്ചുള്ള) തുകയുടെ 50 ശതമാനം അധികമായി നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്. പലപ്പോഴും യാത്രാനിരക്കും അതിന്റെ പകുതിയും വാങ്ങുന്ന ഡ്രൈവർമാരുണ്ടെന്നിരിക്കെ, മിനിമം ചാർജായ 30 രൂപ കഴിച്ചുള്ള തുകയുടെ പകുതി മാത്രമേ ഈടാക്കാൻ ഡ്രൈവർമാർക്ക് അനുവാദമുള്ളൂ.
ഈ അവ്യക്തത അവസാനിപ്പിക്കണമെങ്കിൽ അന്തിമവാടക പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനം സജ്ജീകരിച്ചാൽ മതിയാകും. 2013 ജനുവരി 16ന് മോട്ടോർ വാഹനവകുപ്പ് യാത്രക്കാർക്ക് ദൂരവും സമയവും രേഖപ്പെടുത്തുന്ന ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടിക്ക് ശിപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ നടപടിയെടുത്തിരുന്നില്ല. സർക്കാർ വിജ്ഞാപനപ്രകാരമുള്ള നിരക്കിനേക്കാൾ വളരെ കൂടുതലാണ് ടാക്സി കാറുകൾ ഈടാക്കുന്നത്. ഇത് പരിശോധിക്കാൻ നിലവിൽ മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.