ആത്മകഥ വിവാദം: ഇ.പിയുടെ പരാതിയിൽ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും
text_fieldsതിരുവനന്തപുരം/കണ്ണൂർ: ഡി.സി ബുക്സിനെതിരായ ഇ.പി. ജയരാജന്റെ പരാതിയിൽ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
പുസ്തകം പ്രസിദ്ധീകരിക്കാൻ ഡി.സിയും ഇ.പിയും കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവതരമെന്നാണ് സർക്കാർ നിലപാട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ പുസ്തക വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം നിരത്തി സി.പി.എമ്മും പ്രതിരോധം തീർക്കും. തുടരന്വേഷണം വേണമെന്ന പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തുടരന്വേഷണം പ്രഖ്യാപിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും അന്വേഷണം. പുസ്തക വിവാദം ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സി.പി.എമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാൻ സഹായകരമാകും
അതിനിടെ, ആത്മകഥ വിവാദത്തിൽ ഗൂഢാലോചന ആവർത്തിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. പുസ്തകം തയാറാക്കാൻ ഡി.സി ബുക്സുമായി കരാർ ഉണ്ടാക്കിയിട്ടില്ല. ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ പ്രസാധകർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡി.സി ബുക്സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശന വിവരം ഡി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വന്നത് താനറിയാതെയാണ്. തെരഞ്ഞെടുപ്പ് ദിവസം മുന്നിൽക്കണ്ടുള്ള ബോധപൂർവമായ നടപടിയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.