അനാഥബാല്യത്തിന്റെ ആത്മഗതം; പ്രചോദനമായി ബി. നാസർ ഐ.എ.എസിന്റെ ആത്മകഥ
text_fieldsതിരുവനന്തപുരം: അനാഥബാല്യത്തിന്റെ അരക്ഷിതത്വത്തിൽ നിന്ന് ഉന്നത ഉദ്യോഗത്തിന്റെ അധികാരക്കസേരയിലേക്കുള്ള ഉയർച്ച. റവന്യൂവകുപ്പ് അഡീഷനൽ സെക്രട്ടറി ബി. അബ്ദുൽ നാസർ ഐ.എ.എസിന്റെ ജീവിതം ആർക്കും പ്രചോദനമേകുന്ന ഒന്നാണ്. ‘ജൂലൈ 01, ഒരു അനാഥബാല്യത്തിന്റെ ആത്മഗതം’ എന്ന പുസ്തകം പറയുന്നത് നിശ്ചയദാർഢ്യത്തിന്റെ ആ ജീവിതകഥയാണ്. ആത്മകഥാംശമുള്ള ഈ പുസ്തകം എഴുത്തിന്റെ വഴിയിൽ അബ്ദുൽ നാസറിന്റെ ആദ്യചുവടാണ്. സ്വന്തം ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയതിനുപിന്നിൽ ലക്ഷ്യം ഒന്നു മാത്രം.
ഇല്ലായ്മകളിൽ ഞെട്ടറ്റുപോകുന്ന കുരുന്നുബാല്യങ്ങൾക്ക് പ്രതീക്ഷയും പ്രചോദനവുമാകണം. തലശ്ശേരിയിലെ പ്രമുഖ തറവാട്ടിലായിരുന്നു ജനനം. അഞ്ചാം വയസ്സിൽ, പിതാവ് അബ്ദുൽ ഖാദർ മരിച്ചതോടെ അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയായി. വീടുകളിൽ ജോലി ചെയ്ത് ആറു മക്കളുടെ പട്ടിണിയകറ്റിയ മാതാവ് മാഞ്ഞുമ്മ കൂട്ടത്തിൽ ഇളയവൻ അബ്ദുൽ നാസറിനെ തലശ്ശേരി ദാറുസ്സലാം യതീംഖാനയിലാക്കി. അവിടെ നിന്ന് ചാടിപ്പോകാൻ ശ്രമിച്ചപ്പോഴെല്ലാം പഠിക്കണം. നല്ലൊരു ജീവിതം നേടണമെന്ന ഉമ്മയുടെ വാശിയാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് അബ്ദുൽ നാസർ ആവർത്തിച്ചുപറയുന്നു. പത്താംതരം വരെ ദാറുസ്സലാം യതീംഖാനയിലായിരുന്നു. തുടർപഠനം വാടാനപ്പള്ളി ഓർഫനേജ് ഇസ്ലാമിക് കോളജിലായിരുന്നു.
1994ൽ ഹെൽത്ത് ഇൻസ്പെക്ടറായി സർവിസിൽ കയറി. 2006ൽ സ്റ്റേറ്റ് സിവിൽ സർവിസ് എക്സിക്യൂട്ടിവ് പരീക്ഷ പാസായി ഡെപ്യൂട്ടി കലക്ടറായി. 2012ലാണ് ഐ.എ.എസായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇന്ത്യ കണ്ട ഐ.എ.എസുകാരിൽ പ്രമുഖനായ അമിതാഭ് കാന്ത് തലശ്ശേരി സബ്കലക്ടറായിരുന്ന കാലത്ത് ദാറുസ്സലാം യതീംഖാനയിൽ അന്തേവാസികളിലൊരാളായിരുന്ന വിദ്യാർഥിയായിരുന്നു അബ്ദുൽ നാസർ.
അമിതാഭ് കാന്ത് യതീംഖാന സന്ദർശിച്ചപ്പോൾ മുളപൊട്ടിയതാണ് ഐ.എ.എസ് മോഹം. അത് പൂർത്തിയാക്കി ആത്മകഥയെഴുതിയപ്പോൾ അവതാരിക എഴുതിയത് മറ്റാരുമല്ല, അമിതാഭ് കാന്ത് തന്നെ. അബ്ദുൽ നാസർ നേടിയ വിജയം എല്ലാവർക്കും പ്രചോദനമാണെന്ന് പുസ്തകത്തിന് മുഖക്കുറിപ്പെഴുതിയ പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദൻ സാക്ഷ്യപ്പെടുത്തുന്നു. അനാഥാലയത്തിൽ നിന്ന് കലക്ടറായ ആളുടെ ആത്മകഥയുടെ പ്രകാശനം തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലാണ് നടന്നതെന്നതും ശ്രദ്ധേയമായി. പുസ്തകത്തിന്റെ പ്രകാശനം ഐ.എം.ജി ഡയറക്ടർ കെ. ജയകുമാറും ചീഫ് സെക്രട്ടറി വി. വേണുവും സംയുക്തമായി പ്രകാശനം ചെയ്തു. പുസ്കകം കൈയിലെടുത്തവരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമിതാണ്. തലക്കെട്ടിലെ ജൂലൈ 01 എന്താണ്? അതിനുപിന്നിലെ സസ്പെൻസ് പുസ്തകം വായിച്ചുതന്നെ അറിയൂവെന്നാണ് ഗ്രന്ഥകർത്താവിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.