സ്വാശ്രയത്തിന് സ്വയംഭരണ പദവി; ഫീസ് നിർണയം സർക്കാർ നടത്തണം
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ കോളജുകളിൽ മികവ് പ്രകടിപ്പിക്കുന്നവക്ക് സ്ഥിരം അഫിലിയേഷനും സ്വയംഭരണ പദവിയും നൽകാൻ നിയമപരിഷ്കാര കമീഷൻ ശിപാർശ. സ്വാശ്രയ ആർട്സ് ആൻഡ് സയന്‍സ് കോളജുകളിലെ ഫീസ് നിർണയം സർവകലാശാല ട്രൈബ്യൂണൽ ചെയർമാൻ ഉൾപ്പെട്ട കമ്മിറ്റി ശിപാർശ ചെയ്യുന്നത് പ്രകാരം സർക്കാർ നടത്തണം.
സ്വാശ്രയ കോളജുകൾക്ക് ആദ്യം ഒരു വർഷത്തേക്കും പിന്നീട് അഞ്ചു വർഷത്തേക്കും അംഗീകാരം നൽകാം. നീട്ടി നൽകിയ അഞ്ചു വർഷം പൂർത്തിയാകുമ്പോഴേക്കും കോളജ് നാക്/ സാക് അക്രെഡിറ്റേഷൻ നേടണം. ബി ഗ്രേഡ് ലഭിക്കുന്ന കോളജുകൾക്ക് അഞ്ചു വർഷത്തേക്കു കൂടി അംഗീകാരം പുതുക്കി നൽകാം. രണ്ടാം അക്രെഡിറ്റേഷനിൽ ബി പ്ലസിലേക്ക് ഉയർന്നാൽ അഞ്ചു വർഷത്തേക്കുകൂടി അംഗീകാരം പുതുക്കാം. ഗ്രേഡ് ഉയർത്തുകയും 15 വർഷത്തെ പ്രവർത്തനം തൃപ്തികരമാകുകയും ചെയ്യുന്ന കോളജുകൾക്ക് 10 വർഷത്തേക്ക് അംഗീകാരം പുതുക്കി നൽകാം. നാക് എ പ്ലസ് ലഭിക്കുന്നവക്ക് സ്ഥിരം അഫിലിയേഷൻ പരിഗണിക്കണം.
സ്ഥിരം അഫിലിയേഷൻ ലഭിക്കുന്ന കോളജുകളെ സ്വയംഭരണ പദവിക്ക് പരിഗണിക്കാം. മുൻ അക്രെഡിറ്റേഷനെക്കാൾ ഗ്രേഡിങ് കുറഞ്ഞാൽ ഒരു വർഷത്തേക്ക് മാത്രമേ അംഗീകാരം പുതുക്കിനൽകാൻ പാടുള്ളൂ. സ്വാശ്രയ കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥ നിർദേശിക്കുന്ന 2021ലെ ആക്ട് പിൻവലിച്ച് പുതിയത് കൊണ്ടുവരണം. നിലവിലെ ആക്ട് കോളജുകളുടെ പ്രവർത്തനമോ ജീവനക്കാരുടെ വേതന വ്യവസ്ഥകളോ മെച്ചപ്പെടുത്താൻ പര്യാപ്തമല്ല. അധ്യാപക നിയമനം മെറിറ്റ് പാലിച്ചുള്ള റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയായിരിക്കണം. അധ്യാപകർക്കും അനധ്യാപകർക്കും പി.എഫും ഇൻഷുറൻസും നടപ്പാക്കണം.
പ്രഫഷനൽ, സാങ്കേതിക വിദ്യാഭ്യാസത്തിലുൾപ്പെടെ പഠനമാധ്യമം മലയാളമാക്കാൻ സർവകലാശാലകൾ ലക്ഷ്യമിടണമെന്നും കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷനായ കമീഷനിൽ കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. ജോയ് ജോബ് കുളവേലിൽ, ഡോ.കെ.കെ. ദാമോദരൻ, അഡ്വ.പി.സി. ശശിധരൻ എന്നിവർ അംഗങ്ങളാണ്.
ജംബോ സെനറ്റും സിൻഡിക്കേറ്റും വേണ്ട
തിരുവനന്തപുരം: സർവകലാശാലകളിലെ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ സമിതികളുടെ വലിപ്പം വെട്ടിച്ചുരുക്കാൻ നിയമപരിഷ്കാര കമീഷൻ ശിപാർശ. കേരള, കാലിക്കറ്റ് സെനറ്റുകളിൽ 35 അംഗങ്ങളെ വരെ കുറക്കുന്ന രീതിയിലാണ് കരട് സമർപ്പിച്ചത്.
സ്വകാര്യ സ്വാശ്രയ കോളജ് അധ്യാപകർ, പ്രിൻസിപ്പൽ, മാനേജർ എന്നിവർക്കും സെനറ്റിൽ പ്രാതിനിധ്യം വേണം. കാലടി സർവകലാശാലക്ക് സെനറ്റ് രൂപവത്കരിക്കണം. സെനറ്റ് യോഗത്തിൽ അടിയന്തരപ്രമേയം, ചോദ്യോത്തരം എന്നിവ ഒഴിവാക്കണം. ഗൗരവമായ അക്കാദമിക, ഭരണകാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമിതിയാണ് സെനറ്റ്. മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നത് അംഗങ്ങളെ സ്വാധീനിക്കുന്നു.
സിൻഡിക്കേറ്റിലേക്ക് സെനറ്റിൽനിന്ന് 13 ന് പകരം എട്ടുപേർ മതി. എക്സ് ഒഫിഷ്യോ അംഗങ്ങളായ സർക്കാർ സെക്രട്ടറി/ഡയറക്ടർമാരുടെ എണ്ണവും കുറക്കണം. സെനറ്റിൽ എം.എൽ.എമാരുടെ എണ്ണം ആറിൽനിന്ന് മൂന്നും എയ്ഡഡ് അധ്യാപകരുടെ എണ്ണം 16ൽനിന്ന് എട്ടും ആക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് രണ്ടുപേരെ സർക്കാറിന് നാമനിർദേശം ചെയ്യാം.
ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്ന് നാമനിർദേശം ചെയ്യുന്ന അംഗവും സിൻഡിക്കേറ്റിലുണ്ടാകണം. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, ഐ.ടി സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ ഒഴിവാക്കണം. പഠന വകുപ്പ് മേധാവികളുടെ എണ്ണം മൂന്നാക്കാം. ഡീൻമാർ രണ്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.