ടി.എം.സി നമ്പറില്ലാത്ത ഓട്ടോറിക്ഷകൾ തലശ്ശേരിയിൽ പാർക്ക് ചെയ്യരുത്
text_fieldsതലശ്ശേരി: ഓട്ടോ തൊഴിലാളികളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ ഉണ്ടായിരിക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തര യോഗം ചേർന്നു.
പാർക്കിങ് സംബന്ധിച്ച് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ മുൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം ആർ. ടി.ഒ എൻഫോഴ്സ്മെന്റ് നടത്തുന്ന പരിശോധന ത്വരിതഗതിയിലാക്കാനും പരിശോധന പൂർത്തിയാക്കുന്ന മുറക്ക് ട്രാഫിക് കമ്മിറ്റി ചേർന്ന് പുതിയ ടി.എം.സി നമ്പറിനുള്ള അപേക്ഷയെക്കുറിച്ച് ചർച്ച ചെയ്യാനും തീരുമാനിച്ചു. ഇതുവരെ അനുവദിച്ച 2700 ടി.എം.സി നമ്പറുകളിൽ 750 ഓളം ഓട്ടോകളുടെ പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്.
ബാക്കിയുള്ളവയുടെ പരിശോധന രണ്ടുമാസം കൊണ്ട് പൂർത്തീകരിക്കുന്നതാണ്. പരിശോധന പൂർത്തീകരിച്ച് പുതിയ നമ്പർ അനുവദിക്കുന്നത് വരെ നിലവിലുള്ള രീതി തുടരേണ്ടതാണ്. ടി. എം.സി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. അവർക്ക് നഗരത്തിലേക്കൂടി ഓടാവുന്നതും ആളുകളെ കൊണ്ടുവരാവുന്നതുമാണ്. എന്നാൽ, നഗരത്തിൽ പാർക്ക് ചെയ്യാനോ ആളുകളെ കയറ്റുവാനോ പാടുള്ളതല്ല. കൂടാതെ രാത്രി 10നുശേഷം തലശ്ശേരിയിൽ ഓടുന്ന മുഴുവൻ ഓട്ടോകളും നിർബന്ധമായും ട്രാഫിക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിയമം ലംഘിക്കുന്നവർക്കെതിരെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, സി.ഐ ബിജു ആന്റണി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർ, എം. വി.ഐ പി.കെ. സജീഷ് ഉൾപ്പെടെയുള്ള ആർ.ടി.ഒ ഉദ്യോഗസ്ഥ ന്മാർ, ടി.പി. ശ്രീധരൻ, പൊന്ന്യം കൃഷ്ണൻ, പി. ജനാർദനൻ, പി.പി. ജയരാമൻ ഉൾപ്പെടെയുള്ള വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.