മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
text_fieldsപാലക്കാട്: കോൺഗ്രസ് പാളയത്തിലെ അതൃപ്തിയുടെ കാറ്റൊടുങ്ങിയിട്ടില്ലെന്ന് ഓർമിപ്പിച്ച് പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥ്. വെള്ളിയാഴ്ച വൈകീട്ട് പാലക്കാട് കെ.എസ്.ഇ.ബി ഐ.ബിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഗോപിനാഥ് 15 മിനിറ്റോളം ചർച്ച നടത്തി.
മുഖ്യമന്ത്രിയെ കണ്ടതിന് രാഷ്ട്രീയമാനം കാണേണ്ടതില്ലെന്നും, പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ നിർമിക്കുന്ന ഒളപ്പമണ്ണ സ്മാരകം ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പോയതാണെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും പിന്നീട് ഗോപിനാഥ് പറഞ്ഞെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. താന്‍ ഇപ്പോഴും കോൺഗ്രസിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും സി.പി.എമ്മിനോട് എ.വി. ഗോപിനാഥിന്റെ മൃദുനയത്തിന് ജില്ലയിലെ കോൺഗ്രസ് വിമതരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എ.വി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ പെരിങ്ങോട്ടുകുറിശ്ശിയിൽ നടന്ന കെ. കരുണാകരൻ -പി.ടി. തോമസ് അനുസ്മരണ സമ്മേളനം വിമത നേതാക്കളുടെ സംഗമവേദിയായിരുന്നു. ഗോപിനാഥ് വിളിച്ചാൽ എങ്ങോട്ടും വരുമെന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻ എം.എൽ.എ സി.പി. മുഹമ്മദ് അന്ന് പറഞ്ഞത്.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ജില്ല കോൺഗ്രസിൽ പരസ്യമായ അതൃപ്തി ഉന്നയിച്ച് രംഗത്തെത്തിയ ഗോപിനാഥിന് മുന്നിൽ കെ. സുധാകരനും ഉമ്മൻ ചാണ്ടിയുമെത്തി നൽകിയ ഉറപ്പുകളെല്ലാം അങ്ങനെ മാത്രം അവശേഷിക്കുമ്പോൾ കോൺഗ്രസിലെ അതൃപ്തരെ കോർത്തിണക്കി ഗോപിനാഥ് നടത്തുന്ന നീക്കങ്ങൾ ജില്ല കോൺഗ്രസിലെ വിമത നീക്കങ്ങൾക്ക് ഏകീകരിച്ച സ്വഭാവം നൽകുമോയെന്നാണ് കണ്ടറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.