അവതാർ നിക്ഷേപകർ ഹൈകോടതിയിൽ
text_fieldsതൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ അവതാർ ജ്വല്ലറി ഉടമകൾക്കെതിരെ നിക്ഷേപകർ ഹൈകോടതിയെ സമീപിച്ചു. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകർ ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ആയിരത്തിലധികം നിക്ഷേപകരിൽ നിന്ന് 200 കോടിയോളം തട്ടിയെടുത്തുവെന്നാണ് ഉടമകൾക്കെതിരെയുള്ള പരാതി.
2016 മുതൽ നിക്ഷേപകരുടെ പരാതിയിൽ ഇതുവരെയായി 30കേസുകളാണ് തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ പ്രതി ചേർത്ത് 15 കേസുകളുടെ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. 260 പരാതികൾ നിക്ഷേപകർ നൽകിയതിൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് 50 പരാതികൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നാണ് മറുപടി നൽകിയതെന്ന് സമരസമിതി കൺവീനർ അബൂബക്കർ പറഞ്ഞു. മലപ്പുറം ജില്ലയിൽ ചങ്ങരം കുളം പൊലീസ് സ്റ്റേഷനിൽ 2016ൽ 149 പരാതികൾ നൽകിയിരുന്നു. ഇതിൽ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. ഐ.ജിക്കും ഡി.ജി.പിക്കും നൽകിയ പരാതികളിലും നടപടിയുണ്ടായില്ല. കേസ് ഉന്നത ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിട്ടും നടപടി സ്വീകരിച്ചില്ല.
പാവറട്ടി, ചാവക്കാട് സ്റ്റേഷനുകളിൽ നിന്നുള്ള 19 കേസുകളിൽ ഹൈകോടതിയിൽ നിന്നും ഉപാധികളോടെ ലഭിച്ച ജാമ്യത്തിനെതിരെ നിക്ഷേപകർ സമീപിച്ചതിൽ ജാമ്യം റദ്ദാക്കി. എന്നാൽ പുറത്തിറങ്ങിയ തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.അന്വേഷണം തൃപ്തികരമല്ലാത്തതിനാലും തമിഴ്നാട്ടിലും ഇന്ത്യക്ക് പുറത്തും തട്ടിപ്പ് നടന്നിട്ടുള്ളതിനാലും കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.