കേരള പൊലീസിൽ ഇനി ‘അവഞ്ചേഴ്സ് കമാൻഡോകൾ’; തീവ്രവാദ വിരുദ്ധ സ്ക്വാഡ് മുഖ്യമന്ത്രിക്കും സുരക്ഷയേകും
text_fieldsതിരുവനന്തപുരം: പ്രധാന നഗരങ്ങളിലെ തീവ്രവാദ സായുധാക്രമണങ്ങൾ നേരിടാൻ സംസ്ഥാനത്ത് ‘അവെഞ്ചേഴ്സ്’ എന്ന പേരിൽ അർബൻ കമാൻഡോ വിഭാഗം. കേരള പൊലീസിൽ പുതിയ സേനാവിഭാഗത്തിന് രൂപം നൽകി ആഭ്യന്തര വകുപ്പ് ഫെബ്രുവരി 17 ന് ഉത്തരവായി. തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കീഴിലാണ് ഈ സംവിധാനം. ഐ.ജിക്കും ഡി.ഐ.ജിക്കുമാകും ചുമതല. നഗരപ്രദേശങ്ങളിലെ തീവ്രവാദ ആക്രമണ സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് നടപടി. പല സംസ്ഥാനങ്ങളിലും പൊലീസിന് കീഴിൽ ഇത്തരം സംവിധാനമുണ്ട്.
തെരഞ്ഞെടുക്കുന്ന സേനാംഗങ്ങൾക്ക് പരിശീലനത്തിനും മറ്റുമല്ലാതെ അധിക ചെലവൊന്നും വഹിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാവോവാദി വേട്ടക്ക് ഉൾപ്പെടെ നിയോഗിച്ച തണ്ടർബോൾട്ട് വിഭാഗത്തിന് സമാനമായിരിക്കും. മറ്റ് സേനാവിഭാഗത്തിൽനിന്ന് വ്യത്യസ്തമായി ‘അവഞ്ചേഴ്സിനെ’ തിരിച്ചറിയുന്ന യൂനിഫോമും തൊപ്പിയുമുൾപ്പെടെ ഉണ്ടാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാകും സേവനം.
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് അർബൻ കമാൻഡോ വിഭാഗത്തിൽ ഉൾപ്പെടുത്തുക. നഗരപ്രദേശങ്ങളിലുണ്ടാകുന്ന ഏത് തീവ്രവാദ ഭീഷണിയും ആക്രമണവും നേരിടാൻ പ്രാപ്തമായ നിലയിലുള്ളതായിരിക്കും ഈ വിഭാഗം. ആധുനിക സംവിധാനങ്ങളും ആയുധങ്ങളും ഇവർക്കു ലഭ്യമാക്കും. നഗരപ്രദേശങ്ങളിൽ തീവ്രവാദി ഭീഷണിയുണ്ടായാൽ സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണുകയാണ് പ്രധാന ചുമതല. വ്യക്തികൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ആക്രമണങ്ങളിൽനിന്ന് രക്ഷിക്കുകയാണ് പ്രധാന ദൗത്യം.
നഗരപ്രദേശങ്ങളിൽ പ്രത്യേക കമാൻഡോ ഓപറേഷനുകൾ ആവശ്യമുള്ള ഘട്ടങ്ങളിൽ ഇവരെ നിയോഗിക്കും. പ്രത്യേക ഓപറേഷനല്ലാതെ മറ്റ് ആവശ്യങ്ങൾക്കൊന്നും ‘അവഞ്ചേഴ്സി’നെ ഉപയോഗിക്കാനാകില്ല. ആദ്യഘട്ടത്തിൽ 96 കമാൻഡോകളെയാകും മൂന്നു നഗരങ്ങളിലായി വിന്യസിക്കുക. ഒരു യൂനിറ്റിൽ 40 പേർ എന്ന നിലയിൽ മൂന്ന് യൂനിറ്റുകളിലുമായി എണ്ണം 120 ആയി ഉടൻ വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.