സാധാരണക്കാർ മാത്രമല്ല, സൈബർ തട്ടിപ്പിൽ പെടുന്നത് ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും മുതൽ ഐ.ടിക്കാരും ഡോക്ടർമാരും വരെ
text_fieldsകോഴിക്കോട്: കേരളത്തിൽ ഒരു മാസം ശരാശരി 15 കോടിയുടെ സൈബർ തട്ടിപ്പ് നടക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം 201 കോടിയുടെ ഓൺലൈൻ തട്ടിപ്പിനാണ് മലയാളികൾ ഇരയായത്. സാധാരണക്കാർ മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസമുള്ള ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും മുതൽ ഐ.ടി പ്രഫഷണലുകളും ഡോക്ടർമാരും വരെ സൈബർ തട്ടിപ്പിനിരയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2024ൽ അഞ്ച് മാസത്തിനിടെ ആയിരത്തോളം സൈബർ തട്ടിപ്പുകൾക്കാണ് മലയാളികൾ ഇരയായതെന്ന് പൊലീസിന്‍റെ കണക്കുകൾ പറയുന്നു. ഇതിൽ 55 ഡോക്ടർമാർ, 39 അധ്യാപകർ, 60 സർക്കാർ ഉദ്യോഗസ്ഥർ, 80 വിദേശ മലയാളികൾ എന്നിവർ ഉൾപ്പെടും. സൈബർ തട്ടിപ്പുകളെ കുറിച്ച് ഏറ്റവും അവബോധം ആവശ്യമുള്ള ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 31 ബാങ്ക് ഉദ്യോഗസ്ഥർക്കാണ് ഇക്കൊല്ലം ഓൺലൈനിൽ പണം നഷ്ടമായത്.
സൈബർ തട്ടിപ്പിൽ വ്യാപകമായി പെടുന്ന മറ്റൊരു വിഭാഗം വ്യാപാരികളാണ്. 123 വ്യാപാരികളാണ് ഈ വർഷം ഇതുവരെ തട്ടിപ്പിനിരയായത്. 327 സ്വകാര്യ സ്ഥാപന ജീവനക്കാരും തട്ടിപ്പിൽപെട്ട് പണം നഷ്ടമായവരിൽപെടും. 93 ഐ.ടി പ്രഫഷണലുകൾ, 93 വീട്ടമ്മമാർ, 53 വിദ്യാർഥികൾ തുടങ്ങി 1103 പേർ ഈ വർഷം തട്ടിപ്പിനിരയായിട്ടുണ്ട്.
സൈബർ തട്ടിപ്പിനെ കുറിച്ച് പൊലീസും ബാങ്കിങ് സ്ഥാപനങ്ങളും നിരന്തരം അവബോധം നടത്തുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസമുള്ള ആളുകളുൾപ്പെടെ ഇത്തരത്തിൽ തട്ടിപ്പിൽപെടുന്നത്. ഓൺലൈൻ തട്ടിപ്പിനിരയായാൽ എത്രയും വേഗം പരാതിപ്പെടണമെന്നാണ് പൊലീസ് നൽകുന്ന അറിയിപ്പ്. തട്ടിപ്പ് നടന്ന ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണെന്ന് പൊലീസ് പറയുന്നു. എത്രയും വേഗം സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടണം. അല്ലെങ്കിൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റിൽ പരാതി രജിസ്ട്രർ ചെയ്യാം. 155260 ആണ് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള കേരള പൊലീസിന്‍റെ ടോൾ ഫ്രീ നമ്പർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.