സോളാറിനോട് വിമുഖത; കെ.എസ്.ഇ.ബിക്കെതിരെ റെഗുലേറ്ററി കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഊർജപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സൗരോർജമടക്കം വൈദ്യുതോൽപാദന മേഖലകളോട് മുഖംതിരിക്കുന്ന കെ.എസ്.ഇ.ബി നിലപാടിനെ വിമർശിച്ച് റെഗുലേറ്ററി കമീഷൻ. സൗരോർജം ഉൾപ്പെടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് നയം ആവശ്യമാണെന്ന് റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിങ്’ രണ്ടാം ഭേദഗതി (കരട്)യുമായി ബന്ധപ്പെട്ട ഹിയറിങ്ങിൽ കമീഷൻ നിർദേശിച്ചു.
സോളാർ വൈദ്യുതി നൽകുന്നവർക്ക് കൃത്യമായി പണം നൽകിയും ചെറുകിട കുടിവെള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകിയും മാറ്റങ്ങളുണ്ടാക്കാനാവും. ഭീമമായ നഷ്ടത്തിന്റെ കണക്ക് നിരത്തി സ്വയം ‘കാര്യക്ഷമമല്ല’ എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ജനങ്ങൾ സ്വകാര്യവത്കരണം ആവശ്യപ്പെടുമെന്നും കമീഷൻ ചെയർമാൻ ടി.കെ. ജോസ് മുന്നറിയിപ്പ് നൽകി.
ഉൽപാദനം വർധിപ്പിക്കാൻ പണം മുടക്കാനില്ലെങ്കിൽ മറ്റു മാർഗങ്ങൾ തേടണമെന്ന് കമീഷൻ അംഗം ബി. പ്രദീപും നിർദേശിച്ചു. ഞങ്ങൾക്ക് പണമില്ല, അതുകൊണ്ട് ചെയ്യില്ല എന്ന് പറയുന്നത് ശരിയല്ല.
കെ.എസ്.ഇ.ബി സഹകരിച്ചാൽ സോളാർ അടക്കമുള്ള മേഖലയിൽ പണം മുടക്കാൻ തയാറുള്ളവരുണ്ട്. കെ.എസ്.ഇ.ബി പിന്തുണച്ചാൽ 2030 ഓടെ സംസ്ഥാനത്തിന് ആവശ്യമായതിന്റെ 50 ശതമാനവും സോളാർ അടക്കമുള്ള ഊർജ മേഖലകളിൽനിന്നാക്കി മാറ്റാമെന്നും കമീഷൻ നിരീക്ഷിച്ചു.
അതേസമയം, സൗരോർജ വൈദ്യുതി ഉൽപാദകർക്കുള്ള നെറ്റ് മീറ്ററിങ് സംവിധാനം മാറ്റി ഗ്രോസ് മീറ്ററിങ് രീതി കൊണ്ടുവരണമെന്ന് കെ.എസ്.ഇ.ബി ബുധനാഴ്ചത്തെ തെളിവെടുപ്പിൽ ആവശ്യപ്പെട്ടില്ലെങ്കിലും നിലവിലെ രീതിയോട് സ്ഥാപനത്തിന് യോജിപ്പില്ല. നെറ്റ് മീറ്ററിങ് രീതിയിൽ പകൽ സമയം ലഭിക്കുന്ന ‘കുറഞ്ഞവില’ വൈദ്യുതിക്ക് സമാനമായി രാത്രിയിൽ അതേ അളവിൽ നൽകുന്നതുമൂലം (10 രൂപ വിലയുള്ള വൈദ്യുതി) വൻ ബാധ്യത ഉണ്ടാകുന്നു.
ഈ ബാധ്യത സാധാരണ ജനത്തിനുമേൽ വരുന്നെന്നാണ് നെറ്റ് മീറ്ററിങ്ങിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനടക്കമുള്ള സംഘടനകളും ഗ്രോസ് മീറ്ററിങ്ങിനായി വാദിക്കുന്നവാണ്. 1.36 കോടി ഉപഭോക്താക്കളുള്ള കെ.എസ്.ഇ.ബിയിൽ 1,22,600 പേർ മാത്രമാണ് സോളാർ ഉപഭോക്താക്കൾ. ഇവർക്ക് സബ്സിഡി നൽകുന്നതിനു പുറമേ, ബില്ലിങ് രീതിയിലൂടെ വൻ ലാഭം നൽകുന്നെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.