ആവിക്കൽ തോട്: സമരം ചെയ്യുന്നവർ തീവ്രവാദികളല്ലെന്ന് ബി.ജെ.പി
text_fieldsകോഴിക്കോട്: ആവിക്കൽ തോടിലെ മലിനജല സംസ്കരണ പ്ലാന്‍റിനെ അനുകൂലിക്കുകയാണെന്നും എന്നാൽ, സമരം ചെയ്യുന്നവരെല്ലാവരും തീവ്രവാദികളാണെന്ന കോർപറേഷൻ ഭരണ സമിതിയുടെ അഭിപ്രായം ബി.ജെ.പിക്കില്ലെന്നും ജില്ല പ്രസിഡന്റ് വി.കെ. സജീവൻ. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് ഭരണകക്ഷി നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും സജീവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സഹായത്തോടുകൂടി വരുന്ന സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നഗരത്തിന് ആവശ്യമായ പദ്ധതിയാണ്. ഡി.പി.ആർ തയാറാക്കിയതിലെ അവ്യക്തത നീങ്ങിയതിനുശേഷം ചേര്‍ന്ന സർവകക്ഷിയോഗത്തില്‍ ഇതിനെ സംബന്ധിച്ച് ധാരണയായതാണ്. ബി.ജെ.പി അതില്‍ ഉറച്ചുനില്‍ക്കുന്നു. കോർപറേഷൻ ഓഫിസിൽ വർഷങ്ങളായി ഇടനിലക്കാരും മാഫിയകളും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന മേയറുടെ തുറന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് മാഫിയ ശൃംഖല എന്ന പേരിൽ കോർപറേഷനു ചുറ്റും സമരവലയം തീർക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി കോർപറേഷൻ പരിധിയിലെ ആറു മണ്ഡലങ്ങളിൽ ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ മണ്ഡലം പ്രസിഡന്റുമാരും കൗൺസിലർമാരും നയിക്കുന്ന ആറു പ്രചാരണ ജാഥകൾ പര്യടനം നടത്തും. ജില്ല ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ല പ്രസിഡൻറ് ടി. രനീഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.