ആവിക്കൽത്തോട്ടിൽ പൊലീസ് നായാട്ട്
text_fieldsകോഴിക്കോട്: കോർപറേഷൻ സ്ഥാപിക്കുന്ന ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ആവിക്കൽത്തോട്ടിൽ പൊലീസിന്റെ നായാട്ട്. സമരക്കാരും പൊലീസും പലവട്ടം കൊമ്പുകോർത്തു. തീരദേശ പാതയിൽ ടയർ കത്തിച്ച് സമരക്കാർ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. സമരക്കാർക്കുനേരെ പൊലീസ് ലാത്തിപ്രയോഗിച്ചു. സംഭവ സ്ഥലത്തെത്തിയ രാഷ്ട്രീയ നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ആവിക്കൽത്തോട്ടിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഘർഷമുണ്ടായത്.
മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്നവരെ മാത്രം വിളിച്ചു ചേർത്ത് വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ജനസഭ ചേർന്നതാണ് സംഘർഷത്തിനു കാരണമായത്. സെക്കുലർ വോയ്സ് വെള്ളയിൽ എന്ന പേരിൽ സി.പി.എമ്മുകാരാണ് ജനസഭ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സഭയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരെ കടക്കാൻ അനുവദിക്കാതെ ടോക്കൺ കൊടുത്ത് പ്ലാന്റ് അനുകൂലികളെ മാത്രം പ്രവേശിപ്പിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ യോഗത്തിൽ പങ്കെടുത്തു. കനത്ത പൊലീസ് കാവലിലാണ് ജനസഭ ചേർന്നത്. ഇതോടെ പ്ലാന്റിന് അനുകൂലമായ അഭിപ്രായം രൂപവത്കരിക്കുകയാണെന്നാരോപിച്ച് സമരക്കാർ സ്കൂളിനു പുറത്ത് വെള്ളയിൽ ഹാർബറിനു മുന്നിലെ റോഡിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. അതിനിടയിൽ രണ്ടുപേരെ പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റിയപ്പോൾ സമരക്കാർ വാഹനം തടഞ്ഞു. ഇവർക്കു നേരെ പൊലീസ് ലാത്തി പ്രയോഗിച്ച് ഓടിച്ചു.
ഇതേസമയം, സ്കൂളിൽനിന്നും ഒരു കിലോ മീറ്റർ വടക്കുമാറി പ്ലാന്റ് നിർമിക്കുന്ന സ്ഥലത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഹാർബറിനു മുന്നിൽനിന്നു പിടികൂടിയ അനീഷുമായി വെള്ളയിൽ എസ്.ഐയും സംഘവും റോഡ് ഉപരോധിച്ചവർക്ക് നടുവിലേക്ക് വന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പിടികൂടിയയാളെ ജീപ്പിൽ നിന്നും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വാഹനം വളഞ്ഞു. അതിനിടയിൽ സ്ഥലത്തെത്തിയ കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം. അഭിജിത്ത് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബലം പ്രയോഗിച്ച് വാഹനം കടത്തിക്കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചത് കൈയാങ്കളിയിലെത്തിച്ചു. വെള്ളയിൽ എസ്.ഐ. സനീഷിന്റെ നേതൃത്വത്തിൽ ഏതാനും പൊലീസുകാർ നാട്ടുകാർക്കുനേരെ ലാത്തി പ്രയോഗിച്ചു. മുന്നോട്ടെടുത്ത ജീപ്പിനു മുന്നിൽ ചാടിയ സമരക്കാരനുമായി എസ്.ഐ മൽപ്പിടിത്തത്തിലായി.
വീടുകൾക്കിടയിലേക്ക് ഓടി രക്ഷപ്പെട്ട ഇയാളെ പിടിക്കാൻ പൊലീസും പിന്നാലെ പാഞ്ഞു. നാട്ടുകാരും പൊലീസും തമ്മിൽ കൈയേറ്റമായി.അനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും പൊലീസ് വിട്ടയക്കാൻ കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുമായി പൊലീസ് ജീപ്പ് പോയതിനുശേഷം സമരക്കാർ ടയർ കത്തിച്ച് റോഡ് ഉപരോധിച്ചു. സ്കൂൾ ബസുകളും സിറ്റി ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. അതിനിടയിൽ ജനസഭ അവസാനിക്കുകയും കൂടുതൽ പൊലീസ് ആവിക്കലിലേക്ക് എത്തുകയും ചെയ്തു. ഇതോടെ സമരക്കാർ പിൻവാങ്ങി. റോഡിലെ തടസ്സങ്ങൾ നീക്കി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. അനീഷ്, ജിത്തുരാജ്, അനീഷ്, അലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയം സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറും യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാഖ് മാസ്റ്ററും അസി. കമീഷണർ പി. ബിജുരാജുമായി വാക്കുതർക്കമുണ്ടായി.
കസ്റ്റഡിയിലെടുത്തവരെ എവിടെ കൊണ്ടുപോയെന്ന ചോദ്യത്തിന് കമീഷണർ അറിയില്ലെന്നു മറുപടി പറഞ്ഞത് നേതാക്കന്മാരെ പ്രകോപിപ്പിച്ചു. സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും എല്ലാ പിന്തുണയും നൽകുമെന്നും നേതാക്കൾ അറിയിച്ചു. നാലു മണിക്ക് തുടങ്ങിയ സംഘർഷത്തിന് ആറരയോടെയാണ് അയവുവന്നത്. സ്ഥലത്ത് കൂടുതൽ പൊലീസ് കാവലുണ്ട്. രാത്രി സമരക്കാരെ വീട്ടിൽ കയറി കസ്റ്റഡിയിലെടുക്കുമോ എന്ന ആശങ്കയുണ്ടെന്ന് സമരനേതാക്കൾ പറഞ്ഞു.
നാലുപേർ അറസ്റ്റിൽ; 71 പേർക്കെതിരെ കേസ്
കോഴിക്കോട്: ആവിക്കൽതോട്ടിൽ പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 71 പേർക്കെതിരെ കേസെടുക്കുകയും നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. പുതിയകടവ് സ്വദേശി അനീഷ് (23), പണിക്കർ റോഡ് സ്വദേശികളായ അനീസ് (34), ജിതുൻരാജ് (38), തോപ്പയിൽ സ്വദേശി മിർഷാദ് (30) എന്നിവരെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. സംഘർഷത്തിൽ വെള്ളയിൽ എസ്.ഐ സലീഷ്, എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ നിധിൻ എന്നിവർക്ക് പരിക്കേറ്റതായും ഇരുവരും ചികിത്സ തേടിയതായും പൊലീസ് അറിയിച്ചു.
ആവിക്കൽത്തോട്ടിൽ പൊലീസ് നായാട്ട്
കോഴിക്കോട്: സമരക്കാർക്കു നേരെ പൊലീസ് നായാട്ട് നടന്ന ആവിക്കൽതോട് ആഗസ്റ്റ് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കും. സംഘർഷ സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡന്റ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ശേഷം അറിയിച്ചതാണിത്. നാട്ടുകാർക്ക് ആവശ്യമില്ലാത്ത പദ്ധതി അവർക്ക് ദുരിതജീവിതം നൽകി അടിച്ചേൽപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രവീൺ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.