ആവിക്കൽതോട് സമരം; 75 പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ആവിക്കൽ തോടിനുസമീപം കോർപറേഷൻ പണിയുന്ന മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ ജനസഭയിൽ പ്രതിഷേധിച്ച 75ലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിളിച്ച ജനസഭക്കിടെയാണ് സമരക്കാർ പ്രതിഷേധിച്ചത്.
ഇതിനെ തുടർന്നാണ് കേസെടുത്തത്. വാഹനം തടയൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളയിൽ വാർഡിനോട് ചേർന്ന തോപ്പയില്‍ ജനസഭ കൗൺസിലർ സി.പി. സുലൈമാന്‍റെ അധ്യക്ഷതയിൽ നടക്കുന്നതിനിടെയാണ് സ്ത്രീകളടക്കമുള്ളവര്‍ ഉൾപ്പെട്ട സമരസമിതിയുടെ പ്രതിഷേധം.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസ് കാവലിലാണ് യോഗം നടന്ന തോപ്പയിൽ ഡീലക്സ് ഹാളില്‍നിന്ന് എം.എല്‍.എയടക്കമുള്ളവരെ പുറത്തിറക്കിയത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ജനകീയ സമരസമിതി വൈസ് ചെയർപേഴ്സൻ ജ്യോതി പ്രഭാകരന്‍റെ വസ്ത്രം കീറി. പൊലീസ് നടപടിക്കിടെയാണ് കീറിയതെന്ന് അവർ ആരോപിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു 67ാം വാർഡ് ജനസഭ. തോട്ടത്തിൽ രവീന്ദ്രൻ സംസാരിച്ച് കഴിഞ്ഞ ഉടൻ മലിനജല പ്ലാന്‍റിനെതിരെ ചിലർ ചോദ്യവുമായി എഴുന്നേറ്റു. ചോദ്യം അനുവദിച്ചില്ലെന്ന് ജനകീയ സമരസമിതി കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ് ആരോപിച്ചു. സ്ത്രീകളാണ് ആദ്യം പ്രതിഷേധിച്ചത്. ഹാളിൽ ബഹളം കനത്തതോടെ പുറത്തുനിന്നുള്ള സമരക്കാരും ഹാളിൽ കയറാന്‍ നോക്കി. പൊലീസ് ഇവരെ തടഞ്ഞതോടെ സംഘർഷം കനത്തു. പിന്നാലെ വാർഡ് സഭ അവസാനിച്ചതായി പ്രഖ്യാപിക്കുകയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.