ആവിക്കല്‍ മാലിന്യ പ്ലാന്റ് മികച്ചത്, സമരത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും -മന്ത്രി എം.വി. ഗോവിന്ദന്‍
text_fieldsതിരുവനന്തപുരം: കോഴിക്കോട് ആവിക്കല്‍ തോടിന് സമീപം മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്ന് തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്‍. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയുമാണ് സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വലിയ തോതിലുള്ള സംഘര്‍ഷം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലീസിന് ഇടപെടേണ്ടി വരുന്നത്. ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് മികച്ചതും പരിസ്ഥിതി നാശമില്ലാത്തതുമാണെന്നും മന്ത്രി അവകാശപ്പെട്ടു. പരിസര വാസികള്‍ക്ക് പ്ലാന്റുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കേന്ദ്രീകൃത പ്ലാന്റുകള്‍ അനിവാര്യമാണ്. അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അമൃത് ഫണ്ട് നഷ്ടമാകും -മന്ത്രി പറഞ്ഞു.
കോഴിക്കോട് ആവിക്കല്‍ തോടിന് സമീപം മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനിടെ നടക്കുന്ന സമരം ചര്‍ച്ച ചെയ്യണമെന്നും പദ്ധതിയില്‍ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന ആശങ്ക കാണണമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം എല്‍ എ എം കെ മുനീറാണ് പ്രമേയം കൊണ്ടുവന്നത്. എന്തിനാണ് അവിടെത്തന്നെ പ്ലാന്റ് വേണമെന്ന് വാശിപിടിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണത്. ഏറെ ജനസാന്ദ്രത കൂടിയ പ്രദേശം. മെഡിക്കല്‍ കോളജ് പോലുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ പ്ലാന്റിനായി കണ്ടെത്തണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റാണ് കോഴിക്കോട് നഗരത്തിലെ വെള്ളയിൽ ആവിക്കൽതോട് പ്രദേശത്ത് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇവിടെ സർവേ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധവും അണപൊട്ടിയത്. പൊലീസ് ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. കേന്ദ്ര സർക്കാറിന്‍റെ അമൃത് പദ്ധതിയുടെ ഭാഗമായ സംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചില്ലെങ്കിൽ മറ്റു പദ്ധതികളും അവതാളത്തിലാകുമെന്നതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് കോർപറേഷൻ നിലപാട്. പ്ലാന്റ് തങ്ങളുടെ ആവാസവ്യവസ്ഥയും ഉപജീവനമാർഗവും തകർക്കുമെന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളടങ്ങുന്ന പ്രദേശവാസികളും പറയുന്നു.
കോർപറേഷനിലെ 66, 67 വാർഡുകളിലെയും ഭാഗികമായി 62ാം വാർഡിലെയും ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കാൻ ഏകദേശം 75 കോടിയോളം രൂപ ചെലവിട്ടാണ് പ്ലാന്റ് നിർമിക്കുന്നത്. ഖരമാലിന്യങ്ങൾ ബാക്ടീരിയകൾ ഉൽപാദിപ്പിച്ച് ഇല്ലായ്മ ചെയ്ത് ക്ലോറിനേഷനിലൂടെ വെള്ളം അണുമുക്തമാക്കി പുനരുപയോഗത്തിന് സംസ്കരിച്ചെടുക്കുന്ന പദ്ധതി വരുന്നതോടെ മലിനജലം തോട്ടിലൂടെ ഒഴുകി കടലിൽ പതിക്കുന്നതിന്റെ കെടുതികൾ പരിഹരിക്കാനാവുമെന്നാണ് വാദം. എന്നാൽ, ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വെറും 60 സെന്‍റ് സ്ഥലത്ത് ഇത്തരമൊരു പ്ലാന്‍റ് വരുന്നതുമൂലമുള്ള ദോഷങ്ങൾ എണ്ണിപ്പറഞ്ഞാണ് എതിർപ്പുയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.