അവിനാശി അപകടം: മരിച്ച ഡ്രൈവർമാരുടെ ഗ്രൂപ് ഇൻഷുറൻസ് തുക വൈകുന്നു
text_fieldsകൊച്ചി: അവിനാശി അപകടം ഒൻപത് മാസം പിന്നിടുമ്പോൾ, പ്രിയപ്പെട്ടവരുടെ ഓർമകൾക്കും വീട്ടകങ്ങളിൽ ബാക്കിയായ കണ്ണീരിനുമൊപ്പം ചുവപ്പുനാടയിൽ കുടുങ്ങിയ കടലാസ് പകർപ്പുകൾ ചേർത്തുപിടിച്ചിരിക്കുകയാണ് രണ്ടുകുടുംബങ്ങൾ. കാരുണ്യത്തിെൻറ വളയം പിടിച്ച് കരുതലോടെ ദൂരം താണ്ടിയ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ കുടുംബത്തിന് അപേക്ഷ നൽകി 60 ദിവസത്തിനകം ലഭിക്കേണ്ട 10 ലക്ഷത്തിെൻറ ഗ്രൂപ് ഇൻഷുറൻസ് തുകയും ആശ്രിത പെൻഷനുമാണ് സാങ്കേതികത്വം മൂലം വൈകുന്നത്.
കഴിഞ്ഞ ഫെബ്രുവരി 20ന് അവിനാശി ബസ് അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാരായ വെളിയനാട് സ്വദേശി വി.ആർ. ബൈജു, പെരുമ്പാവൂർ സ്വദേശി ഗിരീഷ് എന്നിവരുടെ കുടുംബങ്ങൾ പലപ്പോഴായി വിവിധ രേഖകൾ ഹാജരാക്കി ഓഫിസുകൾ കയറിയിറങ്ങി വലയുകയാണ്.
മേയ് 25ന് ഗ്രൂപ് ഇൻഷുറൻസിനുള്ള അപേക്ഷ സമർപ്പിച്ചെങ്കിലും ആറ് മാസം പിന്നിടുമ്പോഴും നടപടിയായിട്ടില്ല. അതേസമയം ഇവർക്ക് ലഭിക്കാനുണ്ടായിരുന്ന 10 ലക്ഷത്തിെൻറ എസ്.ബി.ഐ ഇൻഷുറൻസ്, 10 ലക്ഷത്തിെൻറ കെ.എസ്.ആർ.ടി.സി സെസ് തുക എന്നിവ ആദ്യ ഘട്ടത്തിൽ തന്നെ നൽകിയിരുന്നു.
അപകട വിവരങ്ങൾ ലഭിച്ചത് തമിഴിലായിരുന്നതിനാൽ പരിഭാഷപ്പെടുത്തി നടപടികൾ പൂർത്തിയാക്കാനുള്ള തടസ്സങ്ങളാണ് വൈകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഭാര്യമാർക്കും മറ്റ് ആശ്രിതർക്കും കോവിഡ് കാലത്ത് അടിക്കടി ഓഫിസുകളിൽ കയറിയിറങ്ങേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബന്ധപ്പെടുമ്പോൾ എത്രയും വേഗം ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അധികൃതർ ആവർത്തിക്കുന്നതെന്ന് ബൈജുവിെൻറ സഹോദരൻ വി.ആർ. ബിജു 'മാധ്യമ'ത്തോട് പറഞ്ഞു.
അതേസമയം, തുക ലഭിക്കാൻ ആവശ്യമായ രേഖകൾ ഇൻഷുറൻസ് അധികൃതർക്ക് കൈമാറിയതായി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ വ്യക്തമാക്കി. രേഖകൾ ലഭിച്ചപ്പോഴുണ്ടായ കാലതാമസവും സാങ്കേതിക തടസ്സങ്ങളുമാണ് വൈകാൻ കാരണമായതെന്നും തിങ്കളാഴ്ച ഡിസ്ചാർജ് വൗച്ചർ തയാറാകുമെന്നും ഇൻഷുറൻസ് ഡിപ്പാർട്ട്മെൻറ് അസി. ഡയറക്ടർ ചിത്ര നായർ പറഞ്ഞു. ഡിസ്ചാർജ് വൗച്ചർ കുടുംബത്തിന് നൽകി ഒപ്പുവെച്ചാൽ നടപടികൾ പൂർത്തിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.