ജനകീയ വിജയമായി അവിഷ്ണയുടെ സമരം
text_fieldsവളയം: ജിഷ്ണു പ്രണോയിയുടെ നീതിക്കായി സഹോദരി അവിഷ്ണ നടത്തിയ നിരാഹാരസമരത്തിന് അഞ്ചാം ദിനത്തിൽ അന്ത്യം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ അവിഷ്ണയുടെ വല്യച്ഛൻ നാണു നൽകിയ നാരങ്ങനീര് ഒരു കവിൾ ഇറക്കി അവിഷ്ണ ഏട്ടെൻറ നീതിക്കായി നടത്തിയ ജനകീയ സമരത്തിന് പരിസമാപ്തി കുറിച്ചു. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് പിന്തുണയുമായി ഒഴുകിയെത്തിയത് വൻ ജനാവലി. വളയം പൂവ്വംവയലിലെ വീട്ടിൽ ഞായറാഴ്ച അതിരാവിലെ മുതൽ ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. അവിഷ്ണയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ ഡോക്ടർമാർ വീട്ടിൽ ക്യാമ്പ് ചെയ്ത് മണിക്കൂറുകൾ ഇടവിട്ട് ഡ്രിപ്പ് നൽകിയാണ് ആരോഗ്യം നിലനിർത്തിയിരുന്നത്.
ഇതുകൊണ്ടുതന്നെ ആശങ്കയുടെ നിമിഷങ്ങളായിരുന്നു വീട്ടിൽ നിലനിന്നിരുന്നത്. കോഴിക്കോട് തഹസിൽദാർ രോഷ്ണ നാരായണെൻറ നേതൃത്വത്തിൽ സർക്കാർ പ്രതിനിധികളും ആരോഗ്യസംവിധാനങ്ങൾ അടക്കം സജ്ജമായിരുന്നു. ഉച്ചയോടെ വീടും പരിസരവും ജനക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ഉള്ളവരും വീട് സന്ദർശിച്ചു. വൈകീട്ട് മൂന്നു മണിയോടെ ജിഷ്ണു പ്രണോയിയുടെ കേസിൽ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അറസ്റ്റിലായ വിവരം ചാനലിലൂടെ അറിഞ്ഞതോടെ അമ്മയുടെ വിളികേട്ടാൽ സമരത്തിൽനിന്ന് പിന്മാറുമെന്ന് അവിഷ്ണ പറഞ്ഞു. പ്രതി പിടിയിലായെന്ന വിവരം അറിഞ്ഞതോടെ ജനക്കൂട്ടം വീട്ടിലേക്ക് ഒഴുകിയെത്തി. ഇതിനിടെ സന്ദർശകരുടെ തിരക്ക് വർധിക്കുകയും കുട്ടി വളരെ ക്ഷീണിതയാവുകയും ചെയ്തത് ആശങ്കക്കിടയാക്കി.
ഇടക്കിടെ ഡോക്ടർമാരെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. മാതാപിതാക്കളുടെ വാക്കുകൾക്കും ചർച്ചകൾക്കും കാതോർത്ത് നിശ്ചയദാർഢ്യത്തോടെ നീതിനിഷേധത്തിനെതിരെ പൊരുതുകയായിരുന്നു 15കാരിയായ അവിഷ്ണ. സഹപാഠികൾ വീട്ടിലെത്തി തിങ്കളാഴ്ച മുതൽ സമരത്തിന് പിന്തുണയർപ്പിച്ച് നിരാഹാരമിരിക്കുമെന്ന് അവിഷ്ണയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.