മികവ് തെളിയിച്ച പാരാപ്ലീജിയ ബാധിതർക്കുള്ള ആദരം രണ്ടിന്
text_fieldsകോഴിക്കോട്: നട്ടെല്ലിന് ക്ഷതം പറ്റി ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിട്ടും വെല്ലുവിളികളെ അതിജീവിച്ച് വിവിധ മേഖലകളില്‍ ഉയരങ്ങള്‍ കീഴടക്കിയവർക്കുള്ള പീപ്ള്‍സ് ഫൗണ്ടേഷന്‍ ആദരം ശനിയാഴ്ച എറണാകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാരാപ്ലീജിയ ബാധിതരുടെയും കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യംവെച്ച് ‘ഉയരെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാം, പ്രിയപ്പെട്ടവരെ’ എന്ന പേരില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ആദരവ്. അവാർഡ് ജേതാക്കൾക്ക് 10000 രൂപയും പ്രശസ്തിപത്രവും നൽകും. അബ്ദുല്‍ ഹാദി വി.എസ് (കുട്ടികൾക്കുള്ള അവാർഡ്), രാജീവ് പള്ളുരുത്തി (സാമൂഹിക മേഖലയിലെ ഇടപെടലുകള്‍). ഷബ്ന പൊന്നാട് (എഴുത്തുകാരി), ശരത് പടിപ്പുര (കലാരംഗത്തെ മികച്ച സംഘാടകന്‍), ബഷീര്‍ മമ്പുറം (ബിസിനസ്), ജാഫര്‍ കുരുക്കള്‍ പറമ്പില്‍ (കായിക രംഗത്തെ മികവ്), രാഗേഷ് കെ (സാഹസിക യാത്ര), മാരിയത്ത് സി.എച്ച് (വനിതാ മേഖലയിലെ സമഗ്ര സംഭാവന), മുസ്തഫ തോരപ്പ (സാങ്കേതിക രംഗത്തെ സംഭാവനകള്‍), സലീം പെരിന്തല്‍മണ്ണ (തൊഴില്‍ പരിശീലന മേഖലയിലെ സംഭാവനകള്‍), ഡോ. ലൈസ് ബിന്‍ മുഹമ്മദ് (ആരോഗ്യ മേഖലയിലെ സംഭാവനകള്‍) എന്നിവർക്കാണ് അവാർഡ്.
ശനിയാഴ്ച വൈകുന്നേരം 4.30ന് എറണാകുളം ടൗൺ ഹാളില്‍ പരിപാടിയില്‍ ആദരവ് സമര്‍പ്പിക്കും. പരിപാടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ പങ്കെടുക്കും.
പീപ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി അയ്യൂബ് തിരൂര്‍, എക്‌സി. ഡയറക്ടര്‍ ഷമീല്‍ സജ്ജാദ്, പ്രോജക്ട് ഡയറക്ടര്‍ ടി. ഇസ്മായില്‍, പ്രോജക്ട് ഡയറക്ടര്‍ കെ. അബ്ദുല്‍ റഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.