നിയമവിരുദ്ധ റിക്രൂട്ട്‌മെന്റിനെതിരായ ബോധവൽക്കരണം: നോർക്ക ചെലവഴിച്ചത് അനുവദിച്ചതിന്റെ 33 ശതമാനമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: നിയമവിരുദ്ധ റിക്രൂട്ട്‌മെന്റിനെയും വിസ തട്ടിപ്പിനെയും കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിനുള്ള പദ്ധതി നടപ്പിലാക്കാൻ അനുവദിച്ച ഫണ്ടിന്റെ 33 ശതമാനമാണ് ചെലവഴിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിൽ പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രമിന് (പി.ഡി.ഒ.പി) 1.10 കോടിരുപയാണ് അനുവദിച്ചത്. 2021 ജൂൺ ഒമ്പതിന് ഇത് സംബന്ധിച്ച് സർക്കാർ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.
ആകെ 1.10 കോടി രൂപ അനുവദിച്ചതിൽ ചെലവഴിച്ച് 36.27 ലക്ഷം മാത്രം. 77 ശതമാനം തുകയും ചെലവഴിച്ചില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായി മാർഗരേഖ തയാറാക്കിയിരുന്നു. അത് പ്രകാരം മുക്കാൽ കോടി അനുവദിച്ചത് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതിനായിരുന്നു. അതിൽ 17.3 ലക്ഷം മാത്രമാണ് ചെലവഴിച്ചത്.പത്ര മാധ്യമങ്ങൾക്ക് പുറമെ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ബോധവൽക്കരണം നടത്തണമെന്നും തീരുമാനിച്ചു.
മുക്കാൽ കോടിയിൽ 25 ലക്ഷം നീക്കിവെച്ചത് വിവിധ മേഖലകളിൽ പ്രമുഖ ദിനപത്രങ്ങളിലെ പരസ്യങ്ങൾ വഴി ബോധവൽക്കരണം നടത്തുന്നതിനാണ്. അതിൽ ആകെ 6.3 ലക്ഷമാണ് ചെലവഴിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 25 ലക്ഷം അനുവദിച്ചതിൽ ഒമ്പത് ലക്ഷം ചെലവഴിച്ചു. ഓൺലൈൻ, സോഷ്യൽ മീഡിയ പ്രമോഷനും എഫ്.എമ്മിനും വേണ്ടി 25 ലക്ഷം അനുവദിച്ചതിൽ രണ്ട് ലക്ഷമാണ് ചെലവഴിച്ചത്. ചുരുക്കത്തിൽ മാധ്യമങ്ങളിലൂടെയും ഓൺലൈൻ സോഷ്യൽ മീഡിയയിലൂടെയും പ്രൊമോഷൻ പദ്ധതി നടപ്പാക്കായില്ല.
ഭരണപരമായ ചെലവുകൾക്കായി 15 ലക്ഷം നീക്കിവെച്ചിരുന്നു. അതിൽ 6.6 ലക്ഷം ചെലവഴിച്ചു. പദ്ധതി സംബന്ധിച്ച പ്രത്യേക മാന്വലുകൾ, പഠന സാമഗ്രികൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവക്കും പി.ഡി.ഒ.പി വെബ് പോർട്ടലിന്റെ നവീകരണവും പരിപാലനവും അഞ്ചു ലക്ഷം അനുവദിച്ചു. അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ല.
വിവിധ സ്ഥലങ്ങളിൽ നഴ്സിംഗ് ഉദ്യോഗാർഥികൾക്കായി പി.ഡി.ഒ.പി നടത്തുന്നതിന് 10 ലക്ഷം അനുവദിച്ചതിൽ 9.2 ലക്ഷം ചെലവഴിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നഴ്സിംഗ് ഉദ്യോഗാർഥികൾക്കായി പി.ഡി.ഒ.പി പരിശീലനം നടത്തുന്നതിന് മാത്രമാണ് പ്രധാനമായും പണം ചെലവാക്കിയത്. ഗവ.എയ്ഡഡ്, സ്വാശ്രയ കോളജുകൾ തുടങ്ങിയവയുമായി സഹകരിച്ച് പരിപാടികൾ നടത്തുന്നതിന് അഞ്ചു ലക്ഷം അനുവദിച്ചതിൽ ഒരുപൈസയും ചെലവഴിച്ചില്ല
നോർക്ക വകുപ്പിന്റെ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് എൻ.ആർ.കെ കമ്മ്യൂണിറ്റിയിലും മടങ്ങിയെത്തിയവരിലും സമഗ്രമായ അവബോധം സൃഷ്ടിക്കുകയും ബോധവത്കരിക്കുകയും സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ്, വിദേശ രാജ്യങ്ങളുടെ സാംസ്‌കാരിക, നിയമ, പൈതൃക വിഷയങ്ങളെ കുറിച്ച് തൊഴിലന്വേഷകർക്ക് അറിവ് നൽകാനായിരുന്നു പദ്ധതി.
വിദേശങ്ങിലേക്ക് തൊഴിലിനു പോകുന്നവരെ ചൂഷണം ചെയ്യുന്ന കേസുകളുടെ എണ്ണവും ഇടനിലക്കാർ വഴിയുള്ള ക്രമരഹിതമായ കുടിയേറ്റവും കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. എന്നാൽ നോർക്ക തുക ചെലവഴിച്ച് ബോധവൽക്കരണം നടത്താൻ താൽപര്യം കാണിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.