പള്ളികളിലൂടെ ബോധവത്കരണം: തികഞ്ഞ ബോധ്യത്തിലെന്ന് മുസ്ലിം സംഘടനകൾ
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മഹല്ലുകളിൽ പള്ളികളിലൂടെ ബോധവത്കരണം നടത്താനുള്ള മുസ്ലിം സംഘടനകളുടെ ഏകോപന സമിതി എടുത്ത തീരുമാനം തികഞ്ഞ ബോധ്യത്തിെൻറ അടിസ്ഥാനത്തിലാണെന്ന് മുസ്ലിം സംഘടന നേതാക്കൾ. പള്ളികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയെന്ന ആക്ഷേപം ശരിയല്ലെന്നും മുസ്ലിം സംഘടനകളുടെ ഒറ്റക്കെട്ടായ തീരുമാനമാണിതെന്നും നേതാക്കൾ വ്യക്തമാക്കി. സമുദായത്തിനെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ പള്ളികളിലൂടെതന്നെയാണ് ബോധവത്കരണം നടത്തേണ്ടതെന്നും മുമ്പ് സി.എ.എ, എൻ.ആർ.സി വിഷയത്തിലും ഇത്തരത്തിൽ പള്ളികളിലൂടെ ബോധവത്കരണം നടന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വഖഫ് സ്വത്തുക്കൾ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ പള്ളികളിലൂടെതന്നെയാണ് ഇതുസംബന്ധിച്ച ബോധവത്കരണം നടക്കേണ്ടതെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട് പറഞ്ഞു. ഇതിൽ രാഷ്ട്രീയമൊന്നുമില്ല. വഖഫ് കേന്ദ്രങ്ങളാണ് പള്ളികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയല്ല ഇതുസംബന്ധിച്ച് ബോധവത്കരണത്തിന് ആഹ്വാനം ചെയ്തതെന്നും മുസ്ലിം സംഘടനകളുടെ ഏകോപന സമിതിയാണെന്നും കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ കസ്റ്റോഡിയന്മാരാണ് മഹല്ലുകൾ. ഏതെങ്കിലും രാഷ്ട്രീയക്കാരോ രാഷ്ട്രീയ അന്ധത ബാധിച്ചവരോ ഭരിക്കുന്ന പള്ളികളിൽ ബോധവത്കരണം നടത്താൻ സംഘടനകൾ ആഹ്വാനംചെയ്തിട്ടില്ല. സർക്കാറിെൻറ തീരുമാനങ്ങൾ സംബന്ധിച്ച് തികഞ്ഞ ബോധ്യമുള്ളവരാണ് മുസ്ലിം സംഘടനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം സമുദായത്തിെൻറ അവകാശങ്ങൾ നിരന്തരം ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ മുസ്ലിം സംഘടനകൾ ഒന്നിച്ചെടുത്ത തീരുമാനമാണ് മഹല്ലുകളിലൂടെയുള്ള ബോധവത്കരണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ ഒറ്റക്കും കൂട്ടായും സംഘടനകൾ പ്രക്ഷോഭപാതയിലാണ്. സർക്കാറിെൻറ പല തീരുമാനങ്ങളും മുസ്ലിംവിരുദ്ധമായതിനാൽ അതിനെതിരായി കൂട്ടായ പ്രതിഷേധം ഉയരുക സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വിഷയമല്ലെന്നും മതസംഘടനകളുമായി ബന്ധപ്പെട്ടതാണെന്നും കെ.എൻ.എം മർകസുദ്ദഅ്വ സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ വ്യക്തമാക്കി. മുസ്ലിം സമുദായത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങൾ ഏതു സർക്കാർ നടപ്പാക്കിയാലും അതിനെതിരെ ബോധവത്കരണം നടത്താനും പ്രതിഷേധിക്കാനും മുസ്ലിം സംഘടനകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായത്തിനെതിരായ തീരുമാനങ്ങൾ വരുേമ്പാൾ ഏതു രാഷ്ട്രീയ പാർട്ടിയാണ് ഇതിെൻറ പിന്നിലെന്ന് നോക്കാനാകില്ലെന്നും അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനെതിരെ പള്ളികളിലൂടെതന്നെയാണ് ബോധവത്കരണം നടത്തേണ്ടതെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.