ലക്ഷങ്ങൾ ചെലവഴിച്ചത് ബാക്കി; ആവാസ് ഇൻഷുറൻസിന് അകാല ചരമം
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ആവാസ് ഇൻഷുറൻസ് അകാലചരമത്തിലേക്ക്. ആളെ ചേർക്കലും കാർഡ് നൽകലുമെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ ഏതാണ്ട് നിലച്ച രീതിയിലാണ്. ഇൻഷുറൻസ് പദ്ധതിയായാണ് തുടങ്ങിയതെങ്കിലും ഇൻഷുറൻസ് കമ്പനികളൊന്നും എത്താഞ്ഞതോടെ സർക്കാർ ചികിത്സ ഉറപ്പുനൽകുംവിധം അഷുറൻസായി മുഖം മാറിയെങ്കിലും എങ്ങുമെത്തിയില്ല. കുടിയേറ്റത്തൊഴിലാളികൾക്കായി ലോകത്തിലെ തന്നെ ആദ്യ ആരോഗ്യ ഇൻഷുറൻസ് സംരംഭമെന്ന അവകാശവാദത്തോടെ ഒന്നാം പിണറായി സർക്കാർ തുടങ്ങിയ സംരംഭത്തിനാണ് ഈ ഗതി.
രണ്ടാം പിണറായി സർക്കാറാകട്ടെ ആവാസ് നിലനിൽക്കുമ്പോൾ തന്നെ ‘അതിഥി’ എന്ന പേരിൽ 40 ലക്ഷം രൂപ ചെലവഴിച്ച് മൊബൈൽ ആപ്പും പോർട്ടലുമെല്ലാം തയാറാക്കി സമാന്തരമായി പുതിയൊരു രജിസ്ട്രേഷൻ തുടങ്ങുന്നതിന്റെ തിരക്കിലാണ്.
ഇൻഷുറൻസ് ഏജൻസിയെ കണ്ടെത്തി, സ്വകാര്യ ആശുപത്രികളെ അടക്കം ഉൾെപ്പടുത്തി ഇതര സംസ്ഥാനക്കാർക്ക് ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ആവാസിൽ സർക്കാർ ലക്ഷ്യമിട്ടത്. സോഫ്റ്റ്വെയറും അത്യാധുനിക എൻറോൾമെൻറ് സൗകര്യങ്ങളും ഉപയോഗിച്ചായിരുന്നു രജിസ്ട്രേഷൻ.
ആധാർ മാതൃകയിൽ ബയോമെട്രിക് വിവരങ്ങളടക്കം ഉൾക്കൊള്ളിച്ചുള്ള കാർഡും വിതരണംചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് ജീവനക്കാരെയെല്ലാം രാവും പകലും രംഗത്തിറക്കിയായിരുന്നു രജിസ്േട്രഷൻ. ഏറ്റെടുക്കാൻ ഏജൻസികളെത്താഞ്ഞതോടെ ചികിത്സ സർക്കാർ ആശുപത്രികളിൽ മാത്രമായി. സർക്കാർ ആശുപത്രികളിലെത്തുന്ന ആർക്കും സൗജന്യ ചികിത്സ ലഭിക്കുമെന്നിരിക്കെ എന്തിനാണ് ലക്ഷങ്ങൾ ചെലവഴിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല.
ആവാസ് അഷുറൻസ് രജിസ്ട്രേഷൻ അന്തർ സംസ്ഥാന തൊഴിലാളികളുടെ ചികിത്സ സംബന്ധമായ കാര്യങ്ങൾക്കാണെന്നും അതിഥി പോർട്ടലും ആപ്പും വിവരശേഖരണം ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് തൊഴിൽ വകുപ്പിന്റെ വിശദീകരണം. കോവിഡിന് ശേഷം സംസ്ഥാനത്ത് എത്ര അന്തർ സംസ്ഥാന തൊഴിലാളികളുണ്ടെന്നോ എത്രപേർ വന്നുപോയെന്നോ ഉള്ള കണക്ക് സർക്കാറിന്റെ കൈവശമില്ല. ഇതുസംബന്ധിച്ച വിവരശേഖരണമാണ് അതിഥി പോർട്ടലിലൂടെ ഉദ്ദേശിക്കുതെന്നാണ് ലേബർ കമീഷണറേറ്റിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.