അയിരൂർ-ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതൽ
text_fieldsപത്തനംതിട്ട: അയിരൂർ ചെറുകോൽപുഴ ഹിന്ദുമത മഹാമണ്ഡലം നേതൃത്വത്തിൽ നടത്തുന്ന 113ാമത് അയിരൂർ-ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് പമ്പാ മണൽപുറത്ത് വിദ്യാധിരാജ നഗറിൽ ആരംഭിക്കും. ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രണ്ടിന് രാവിലെ 11ന് ഘോഷയാത്രകൾക്ക് സ്വീകരണം. 11.20ന് പതാക ഉയർത്തൽ. വൈകീട്ട് നാലിന് ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഉദ്ഘാടനം നിർവഹിക്കും.
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
മൂന്നിന് വൈകീട്ട് 3.30ന് ധർമാചാര്യ സഭ ഗുജറാത്ത് വാനപ്രസ്ഥ സാദക് ആശ്രമം മഠാധിപതി സത്യജിത്ത് മഹാരാജ് ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10.30ന് നടക്കുന്ന മാധ്യമ വിചാരത്തിൽ പ്രമുഖമാധ്യമപ്രവർത്തകർ പങ്കെടുക്കും.
വൈകീട്ട് 3.30ന് അയ്യപ്പഭക്ത സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും അഞ്ചിന് വൈകീട്ട് 3.30ന് ഹിന്ദു ഏകത സമ്മേളനം ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉദ്ഘാടനം നിർവഹിക്കും.
ആറിന് വൈകീട്ട് 3.30ന് പരിസ്ഥിതി- സാംസ്കാരിക സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ 10.30ന് നടക്കുന്ന യൂത്ത് പാർലമെന്റ് ദിവ്യാംഗ് ഫൗണ്ടേഷൻ ഡയറക്ടർ പ്രജിത് ജയപാലും 3.30ന് വനിത സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകീട്ട് 5.30ന് സമാപന സഭയുടെ ഉദ്ഘാടനം പശ്ചിമബംഗാൾ ഗവർണർ ടി.വി. ആനന്ദബോസ് നിർവഹിക്കും. യോഗവിദ്യ ആശ്രമം ജർമനി മഠാധിപതി സ്വാമി സുഖദേവ് ജി. ബ്രൈറ്റ്സ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, പബ്ലിസിറ്റി കൺവീനർ ശ്രീജിത് അയിരൂർ, സെക്രട്ടറി അഡ്വ. ഡി. രാജഗോപാൽ, സി.ജി. പ്രദീപ്കുമാർ, അഡ്വ. കെ. ജയവർമ, സത്യൻനായർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.