സങ്കീർണ ആരോഗ്യ വെല്ലുവിളികൾ: ആയുര്‍വേദം മുന്നോട്ടുവെക്കുന്നത് വലിയ പ്രത്യാശ -ഉപരാഷ്ട്രപതി
text_fieldsതിരുവനന്തപുരം: ആധുനിക കാലത്തെ സങ്കീര്‍ണ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദ ചികിത്സ സമ്പ്രദായം പ്രത്യാശ നല്‍കുന്നെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍. ആയുർവേദം കേവല ചികിത്സരീതിയല്ല, സമഗ്ര ജീവിതരീതി സമീപനമാണ്. സുസ്ഥിര ആരോഗ്യപരിരക്ഷ സംവിധാനമെന്ന നിലയിലാണ് അത് പ്രസക്തമാകുന്നതെന്നും ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനം ഇത് ഉള്‍ക്കൊള്ളുന്നെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദ വിജ്ഞാനത്തിന്റെയും പ്രയോഗത്തിന്റെയും സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഇത് ആയുര്‍വേദ മേഖലയില്‍ ആഗോളതലത്തിൽ തന്നെ രാജ്യത്തെ ഉന്നതസ്ഥാനത്ത് നിലനിര്‍ത്തുന്നു. ടെലി മെഡിസിന്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ആയുഷിന്റെ പ്രചാരം വ്യാപിപ്പിച്ചത് നഗര-ഗ്രാമീണ സമൂഹങ്ങള്‍ക്ക് ഒരുപോലെ ചികിത്സ സാധ്യമാക്കി. എട്ട് വര്‍ഷം മുമ്പ് 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് 1.5 ലക്ഷം കോടി രൂപയിലെത്തി. 40,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആയുഷ് മേഖലയിലേക്ക് സംഭാവന ചെയ്യുന്നു. ആയുര്‍വേദ ടൂറിസം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചക്ക് ഗണ്യമായ സംഭാവന നല്‍കും. രാജ്യത്തെ മികച്ച ഡിജിറ്റല്‍ അന്തരീക്ഷവും ഇന്റര്‍നെറ്റ് വ്യാപനവും വാഗ്ദാനം ചെയ്യുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ചടങ്ങില്‍ ആയുര്‍വേദ രംഗത്തെ സംഭാവനകള്‍ക്ക് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി നല്‍കുന്ന ബ്രിഹത്രയി രത്‌ന പുരസ്‌കാരം വൈദ്യ സദാനന്ദ് പ്രഭാകര്‍ സര്‍ദേശ്മുഖിന് ഉപരാഷ്ട്രപതി സമ്മാനിച്ചു. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, മന്ത്രി ആന്‍റണി രാജു, ശശി തരൂര്‍ എം.പി, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊറ്റേച്ച, ഡോ. ജി.ജി. ഗംഗാധരന്‍, ഡോ. സി. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.